കൊല്ലം മരുത്തടി ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം, 18 വയസുകാരനെ സംഘം ചേർന്ന് മർദ്ദിച്ചു

കൊല്ലം മരുത്തടി ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ 18 വയസുകാരന് ഗുരുതര പരിക്ക്. കുന്നത്തൂർ സ്വദേശി ഹരികൃഷ്‌ണനാണ് മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഞായറാഴ്ചയാണ് സംഭവം. ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ക്ഷേത്രോത്സവത്തിനിടെ ഒരുകൂട്ടം ആളുകൾ ചേർന്ന് ഹരികൃഷ്‌ണനെയും സഹോദരനെയും വളഞ്ഞിട്ട് ആക്രമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഹരികൃഷ്‌ണനെ സംഘം ക്രൂരമായി മർദ്ദിക്കുന്നതും തലയ്ക്കടിയേറ്റ അവൻ ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഹരികൃഷ്ണന്റെ നില അതീവ ഗുരുതരാമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു. നാല് പേർ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.


