‘ദേവിക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ..’; ആദ്യമായി പൊങ്കാല..

ആദ്യമായി ആറ്റുകാൽ പൊങ്കാല അർപ്പിച്ച് നടി അന്ന രാജൻ. കഴിഞ്ഞ വര്ഷം തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും തനിക്ക് പൊങ്കാല അർപ്പിക്കാൻ പറ്റിയില്ലെന്നും ലക്ഷകണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ടെന്നും പൊങ്കാലയുടെ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമെന്നും അന്ന രാജൻ പറഞ്ഞു.

“കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാൻ പറ്റിയില്ല. ഈ വർഷം പെട്ടെന്നായിരുന്നു എല്ലാം. ഇന്നലെയാണ് പ്ലാൻ ചെയ്തതു തന്നെ. ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റിവ് ഫീൽ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ ഞാനും അതിന്റെ ഭാഗമായതിൽ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യേണ്ടേ.” അന്ന രാജൻ പറഞ്ഞു.

സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളിൽ നിന്നും ലക്ഷക്കണക്കിന് സ്ത്രീജനങ്ങളാണ് പൊങ്കാലയിടാനായി തലസ്ഥാനത്തേക്ക് എത്തിച്ചേർന്നിരിക്കുന്നത്. പതിവ് പോലെ ചിപ്പിയടക്കമുള്ള നിരവധി താരങ്ങളാണ് പോണലായിടാൻ എത്തിയിരിക്കുന്നത്. അതേസമയം, പൊങ്കാലയ്ക്ക് ശേഷം ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. രാത്രി 8.30 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്ത് ചടങ്ങ് നടക്കും. തുടർന്ന് രാത്രി 10.45 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയുടെ എഴുന്നള്ളത്തു പുറപ്പെടും. നാളെ രാത്രി 9.45 ന് കാപ്പഴിച്ചു ദേവിയെ കുടിയിളക്കും. രാത്രി 12.45 ന് നടത്തുന്ന കുരുതി തർപ്പണത്തോടെയാണ് ഈവർഷത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാവുക.

Related Articles

Back to top button