ശ്വാസംമുട്ടലുമായി എത്തിയ പെൺകുട്ടിക്ക് പേ വിഷബാധയ്ക്ക് കുത്തിവെയ്പ്; പ്രതിഷേധിച്ച് കുടുംബം

കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ പെൺകുട്ടിക്ക് മരുന്നു മാറി കുത്തിവെയ്പ് നൽകി. അതും പേവിഷബാധയ്ക്കുള്ള വാക്സിൻ. ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് കലശലായ ശ്വാസം മുട്ടലിനെ തുടർന്ന് മൈനാഗപ്പള്ളി സ്വദേശിനിയായ 18കാരി ഓ പി വിഭാഗത്തിൽ ചികിത്സ തേടി എത്തിയത്. അമ്മയ്ക്ക് ഒപ്പമാണ് പെൺകുട്ടി ചികിത്സ തേടിയെത്തിയത്. ഇവർക്ക് ഇൻജക്‌ഷന് ഡോക്ടർ നിർദേശിച്ചതോടെ കുറിപ്പുമായി ഇഞ്ചക്ഷൻ മുറിയിലെത്തി. ഇതേ സമയം തെരുവു നായയുടെ കടിയേറ്റ് മറ്റൊരാളും ചികിത്സയ്ക്ക് എത്തി. ഇയാൾക്ക് നൽകേണ്ട പേവിഷ പ്രതിരോധ മരുന്ന് ആളുമാറി പെൺകുട്ടിക്ക് നൽകി. ഇതോടെ പ്രതിഷേധം ഉയർന്നു.

പെൺകുട്ടി പരാതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. പെൺകുട്ടിയുടെ കൂടെ വന്നവർ പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതർ രാഷ്ട്രീയ നേതാക്കളടക്കമുള്ളവരെ ഇടപെടുത്തി ഒത്തുതീർപ്പ് ശ്രമം തുടങ്ങി. പേവിഷ കുത്തിവയ്പ് അപകടകരമല്ലെന്ന് പെൺകുട്ടിയെയും ബന്ധുവിനെയും ഡോക്ടർമാർ അറിയിച്ചു. സിപിഎം പാർട്ടി കുടുംബാംഗമായ പെൺകുട്ടിയെ പരാതിയിൽ നിന്നും പിന്തിരിപ്പിക്കാൻ നേതാക്കളുടെ ഇടപെടലുണ്ടായി.ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സുമാരെ സ്ഥലത്തു നിന്നും മാറ്റിയ അധികൃതർ സംഭവത്തിൽ അന്വേഷണത്തിന് നിർദേശം നൽകി. ഡോക്ടർമാർ ഉൾപ്പെട്ട അന്വേഷണ സംഘം നാളെ തെളിവെടുപ്പ് നടത്തും. മരുന്ന് മാറി കുത്തിവെയ്പെടുത്ത യുവതിയെ പരിശോധിക്കും. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് പ്രദേശത്തുയരുന്നത്.

Related Articles

Back to top button