യുദ്ധം നഷ്ടങ്ങളുടേത് മാത്രമാണ്; ലോകസമാധാനത്തിനായി പ്രാർത്ഥനയ്ക്ക് ആഹ്വാനം ചെയ്ത് ഓർത്തഡോക്സ് സഭാധ്യക്ഷൻ

ലോകസമാധാനത്തിനായി പ്രാർത്ഥിക്കണമെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ആഹ്വാനം ചെയ്തു. ഇറാൻ–ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഓർത്തഡോക്സ് സഭാധ്യക്ഷന്റെ പ്രതികരണം. ഫേസ്ബുക്കിൽ പങ്കുവെച്ച സന്ദേശത്തിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. യുദ്ധം എപ്പോഴും നഷ്ടങ്ങളുടേതാണ്; ആയുധവ്യാപാരികൾക്കൊഴിച്ചാൽ സാധാരണ മനുഷ്യർ വേദനയോടെയും ആശങ്കയോടെയും ജീവിക്കേണ്ടിവരുന്ന സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ അസ്ഥിരത ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് മാത്രമല്ല, ഇന്ത്യൻ സമൂഹത്തിനും വലിയ പ്രയാസങ്ങളുണ്ടാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പഠനം, ജോലി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായി മലയാളികളടക്കം അനേകം പേർ ഈ മേഖലയിലുണ്ടെന്നും അവരുടെ സുരക്ഷയ്ക്കായി പ്രത്യേകമായി പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
രാജ്യങ്ങളുടെ അതിർത്തികളെയും മതങ്ങളുടെ വേലിക്കെട്ടുകളെയും മറികടന്ന് മനുഷ്യവേദനയിൽ ആശ്വാസമേകാൻ പ്രാർത്ഥന സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ഭരണാധികാരികൾ വിവേകപൂർണമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ദൈവം ശക്തി നല്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.



