കുടിയന്മാരുടെ ശ്രദ്ധയ്ക്ക്… ബെവ്കോയിൽ ഇനി മൂന്ന് വർഷത്തേക്ക് ഈ മാറ്റം..

സംസ്ഥാനത്ത് പ്രീമിയം ഷോപ്പുകളിൽ സ്വകാര്യ മദ്യ കമ്പനികൾക്ക് മദ്യത്തിൻ്റെ പരസ്യം നൽകി വിൽപനയ്ക്കുള്ള പ്രത്യേക കൗണ്ടർ സൗകര്യം അനുവദിക്കാനൊരുങ്ങി ബിവറേജസ് കോർപ്പറേഷൻ. ബ്രാൻഡ് ഒന്നിന് അയ്യായിരം രൂപ വീതം വാങ്ങി മൂന്ന് വർഷത്തേക്കാണ് പരീക്ഷണാടിസ്ഥാനത്തിൽ കൗണ്ടർ നൽകാൻ താത്പര്യപത്രം ക്ഷണിച്ചത്.
സ്ഥലം അനുവദിക്കുന്നതിലൂടെ, സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ സ്വകാര്യ കമ്പനികൾക്ക് അവരുടെ ബ്രാൻഡ് മദ്യം വിൽക്കാൻ കഴിയും. തുടക്കത്തിൽ കൊല്ലം, കുണ്ടറ, തിരുവനന്തപുരം പവർഹൗസ് റോഡിലെ ഔട്ട്ലറ്റ് എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
മദ്യഷോപ്പുകളുടെ നവീകരണ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് ‘പ്രോജക്ട് ബോട്ടിൽ ക്ലബ്’ എന്ന പേരിൽ പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നതെന്നാണ് ബെവ്കോ എംഡിയുടെ സർക്കുലറിൽ പറയുന്നത്. ഷോപ്പുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും നവീകരിക്കുന്നതും പദ്ധതിയുടെ ഭാഗമാണ് .ഷോപ്പിലെ ഓരോ വരിയും റം, ബ്രാൻഡി, വോഡ്ക, വൈൻ എന്നങ്ങനെ പ്രത്യേക വിഭാഗത്തിലുള്ള മദ്യങ്ങൾക്കായി മാറ്റിവയ്ക്കും.



