സർവീസിനിടെ കെഎസ്ആർടിസി ബസിന്‍റെ  ടയർ ഊരിപ്പോയി; ഒഴിവായത് വലിയ അപകടം

സർവീസിനിടെ കെഎസ്ആർടിസി ബസിന്‍റെ മുന്നിലെ ടയർ ഊരിപ്പോയി. ടയർ ഊരിപ്പോയതോടെ വാഹനം നിയന്ത്രണം വിട്ട് കുറച്ച് ദൂരം നിരങ്ങിയെങ്കിലും ബസ് നിന്നതിനാൽ വൻ അപകടം ഒഴിവായി. ശനിയാഴ്ച പുലർച്ചെ അഞ്ചര മണിയോടെ പിറവം ഗാരേജിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെട്ട ബസിന്‍റെ ടയറാണ് ഊരിപ്പോയത്. ബസ് മുളന്തുരുത്തി കാരിക്കോട് വളവിലെത്തിയപ്പോഴാണ്, മുന്നിലെ ഇടത് ടയർ ഊരി തെറിച്ച് പോയത്. ഈ സമയം ബസിൽ മുപ്പതിൽ അധികം യാത്രക്കാർ ഉണ്ടായിരുന്നു.

എതിർ വശത്ത് നിന്നോ, പിന്നിൽ നിന്നോ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. ടയർ ഊരിപ്പോയതിനെ തുടർന്ന് ബസ് തനിയെ നിരങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കൂത്താട്ടുകുളം ഭാഗത്ത് നിന്നുമെത്തിയ മറ്റൊരു ബസിൽ മാറ്റിക്കയറ്റി. ഗാരേജിൽ നിന്നുമെത്തിയ മെക്കാനിക്കുകൾ ടയർ വീണ്ടും ഘടിപ്പിച്ച് ബസ് പിറവത്തേക്ക് മാറ്റി. കൂത്താട്ടുകുളത്തും പിറവത്തും ഗാരേജുകളും പരിശോധനാ സൗകര്യങ്ങളും ഉണ്ടായിരിക്കെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഏറെ ആശങ്കാജനകമാണെന്ന് യാത്രക്കാർ ചൂണ്ടിക്കാണിച്ചു.

Related Articles

Back to top button