പാവയ്ക്ക കറിവച്ചത് ഇഷ്ടപ്പെട്ടില്ല; മദ്യലഹരിയിലെത്തിയ മകൻ അമ്മയെ മർദ്ദിച്ച് കൊന്നു

മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ പാവയ്ക്ക കറിവച്ചത് ഇഷ്ടപ്പെടാത്ത യുവാവ് അമ്മയെ കൊലപ്പെടുത്തി. തർക്കത്തെത്തുടർന്ന് 37 വയസ്സുള്ള മകനാണ് തന്റെ അമ്മയെ കൊലപ്പെടുത്തിയത്. സുമിത്ര പെത്കുലെ എന്ന അറുപത്തഞ്ചുകാരിയാണ് കൊല്ലപ്പെട്ടത്. മുൾ തെഹ്‌സിലിനു കീഴിലുള്ള ഡോൺഗർഗാവ് ഗ്രാമത്തിലാണ് സംഭവം. പ്രതിയായ ജഗദീഷ് പെറ്റ്കുലെ (37) അറസ്റ്റിലായി. സ്ഥിരം മദ്യപാനിയാണ് ജഗദീഷ് എന്ന് പൊലീസ് പറയുന്നു.
ഇയാളുടെ ശല്യം സഹിക്കാനാവാതെ ഭാര്യ രണ്ടുമാസംമുമ്പ് അവരുടെ വീട്ടിലേക്ക് പോയിരുന്നു. തുടർന്ന് അമ്മയോടൊപ്പമായിരുന്നു ഇയാൾ താമസിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന ജഗദീഷ് അമ്മയുമായി വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം ആഹാരത്തിനൊപ്പം സുമിത്ര പാവയ്ക്ക കൊണ്ടുണ്ടാക്കിയ വിഭവം വിളമ്പി.
ഇതിൽ കലികയറിയ ജഗദീഷ് അമ്മയുമായി വാക്കുതർക്കത്തിലേർപ്പെട്ടു. അല്പം കഴിഞ്ഞതോടെ വാക്കുതർക്കം കയ്യേറ്റത്തിലേക്ക് നീങ്ങുകയും ജഗദീഷ് അമ്മയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. മർദനമേറ്റ സുമിത്ര തൽക്ഷണം മരിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൊലയ്ക്കുശേഷം വീടിനുപുറത്തേക്കുവന്ന ജഗദീഷ് താൻ അമ്മയെ കൊന്നെന്ന് അയൽവാസികളായ ചിലരോട് പറഞ്ഞെങ്കിലും മദ്യലഹരിയിൽ പറയുന്നതാണെന്ന് കരുതി അവർ കാര്യമാക്കിയില്ല. എന്നാൽ സംശയം തോന്നിയ ചിലർ നടത്തിയ പരിശോധനയിലാണ് സുമിത്രയുടെ മൃതദേഹം കണ്ടെത്തിയത്.
മുൾ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കയ്പക്ക കഴിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്ന് ഇൻസ്പെക്ടർ വിജയ് റാത്തോഡ് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയാലേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.



