ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയുന്ന രമേശ് ചെന്നിത്തലയാണോ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത്

സ്കൂളുകൾ തുറക്കും മുമ്പ് അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനൊരുങ്ങുന്ന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ രംഗത്ത് വന്ന രമേശ് ചെന്നിത്തലയെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി. പാഠപുസ്തകം വിതരണം നേരത്തെ നടത്തിയതിനെ രമേശ് ചെന്നിത്തല പരിഹസിക്കുകയാണ്. എന്തിനാണ് നേരത്തെ പുസ്തകം കൊടുക്കുന്നത് എന്നാണ് ചോദിക്കുന്നത്. രമേശ് ചെന്നിത്തലയെ പോലെ പ്രമുഖൻ ആയ ഒരാൾ ഇങ്ങനെ മണ്ടത്തരം ചോദിക്കരുത്. ഇങ്ങനെ മണ്ടത്തരം വിളിച്ചു പറയുന്ന രമേശ് ചെന്നിത്തലയെ ആണോ കോൺഗ്രസ് പ്രചാരണ സമിതി അധ്യക്ഷൻ ആക്കിയതെന്ന് മന്ത്രി പരിഹസിച്ചു.
രമേശ് ചെന്നിത്തലയുടെ പരിഹാസം തുഗ്ലക്ക് പരിഷ്ക്കാരം എന്നാണ്. അദ്ദേഹം കൂടി അംഗം ആയിരുന്ന മന്ത്രി സഭയിലെ വിദ്യാഭ്യാസ മന്ത്രിയാണ് ആ പരിഷ്ക്കാരം നടത്തിയതെന്നും ശിവൻകുട്ടി പറഞ്ഞു. തൃശ്ശൂരിൽ സ്കൂൾ കലോത്സവ സമാപന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നെക്കുറിച്ച് പറഞ്ഞത് മികച്ച വിദ്യാഭ്യാസ മന്ത്രി എന്നാണ്. എന്നാൽ തൊട്ടടുടുത്ത ദിവസം പറഞ്ഞ വാക്കുകൾ പറയാൻ കൊള്ളാത്തതാണ്. എങ്ങനെ എങ്കിലും മുഖ്യമന്ത്രി ആകണം എന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അത് എന്തായാലും നടക്കില്ല. കോൺഗ്രസ്സിൽ തമ്മിൽ അടിയാണ് നടക്കുന്നത്. കുറ്റ്യാടിയിൽ നേതാക്കൾ കഴുത്തിനു പിടിക്കുന്നത് നാം കണ്ടു. സതീശന്റെ ജാഥ അവസാനിക്കുന്ന സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിക്കാൻ നിർദ്ദേശങ്ങൾ കൊടുത്തിട്ടുണ്ട്. സംസ്ഥാനത്ത് കലാപം ഉണ്ടായാൽ സർക്കാരിനല്ലെ നാണക്കേടെന്ന് വി ശിവൻകുട്ടി പരിഹസിച്ചു. ജാഥ സമാപനം നന്നായി നടക്കും. സുരക്ഷയൊരുക്കാൻ പൊലീസ് അവിടെ ഉണ്ടാകും. സതീശൻ പേടിക്കണ്ടെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷി നിയമന സംവരണ വിഷയത്തിൽ എല്ലാ സഭകളോടും തുറന്ന സമീപനം ആണ് സർക്കാർ എടുത്തിട്ടുള്ളത്. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ എല്ലാ സഭ നേതൃത്വങ്ങളെയും കണ്ടു സംസാരിച്ചതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. താൻ ബിജെപിയുടെ പല പ്രമുഖരോടും മത്സരിച്ചിട്ടുണ്ട്. നേമത്ത് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ നിസ്സാരം ആയി കാണുന്നില്ല. പക്ഷെ ഒരു പ്രശ്നം ഉള്ളത് അദ്ദേഹത്തെ നേമത്ത് ആർക്കും അറിയില്ല എന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു.



