വാഗ്ദാനങ്ങൾ പാലിച്ചില്ല; അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർ പട്ടിണി സമരത്തിലേക്ക്

ലക്ഷം വീട് നഗറിലുണ്ടായ മണ്ണിടിച്ചിലിലെ ദുരന്തബാധിതര്‍ പട്ടിണി സമരത്തിലേക്ക്. ദുരന്തത്തിന് പിന്നാലെ അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതെ വന്നതോടെയാണ് കുടുംബങ്ങള്‍ പട്ടിണി സമരത്തിലേക്ക് നീങ്ങാന്‍ തീരുമാനിച്ചത്. ദേശീയപാത നിര്‍മാണ കമ്പനിയുടെ യാര്‍ഡിന് മുന്നില്‍ നാല് ദിവസമായി കുടില്‍ കെട്ടി സമരം നടത്തുകയാണ് ദുരന്തബാധിതര്‍. മണ്ണിടിച്ചിലുണ്ടായതിന് പിന്നാലെ വീടുകള്‍ ഒഴിഞ്ഞ് പോകാന്‍ നിർദ്ദേശിച്ചെങ്കിലും  പിന്നീട് അധികൃതരോ, ഉദ്യോഗസ്ഥരോ തിരിഞ്ഞ് നോക്കിയില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. 30 കുടുംബങ്ങളാണ് നിലവില്‍ യാര്‍ഡിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുന്നത്.

കുട്ടികളെയടക്കം കൂട്ടി യാര്‍ഡിന് മുന്നില്‍ വന്ന് സമരമിരുന്നിട്ടും ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് ദുരന്തബാധിതർ പറഞ്ഞു. ഇനിയും ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഏത് സാഹചര്യത്തില്‍ എത്തുമെന്ന് അറിയില്ല. ഇതേ സാഹചര്യം തുടര്‍ന്നാല്‍ തങ്ങളില്‍ ആരൊക്കെ ബാക്കിയാവുമെന്ന് സംശയമാണ്. തങ്ങളുടെ ആവശ്യം വീടാണെന്നും അത് എത്രയും വേഗത്തില്‍ നടത്തി തരണമെന്നും ദുരന്തബാധിതര്‍ ആവശ്യപ്പെട്ടു. വാടകയ്ക്ക് വീടെടുത്ത് നല്‍കാമെന്ന് പറഞ്ഞ അധികൃതര്‍ ഇതിന് മറുപടി പറയണം. മന്ത്രി കഴിഞ്ഞ ദിവസം ഇതിനടുത്ത് ഒരു പരിപാടിക്ക് വന്നിരുന്നു. ഇതുവഴി കടന്ന് പോയിട്ട് പോലും ഇവിടെ ഇരിക്കുന്നവരെ ഒന്ന് തിരിഞ്ഞ് നോക്കാന്‍ പോലും തയ്യാറായില്ല. തങ്ങള്‍ക്കെതിരെ കേസെടുക്കുമെന്നും തങ്ങളെ അറസ്റ്റ് ചെയ്യുമെന്നുമൊക്കെ കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസെടുക്കേണ്ടതും അറസ്റ്റ് ചെയ്യേണ്ടതും തങ്ങളെയാണോ എന്നും ദുരന്തബാധിതര്‍ ചോദിച്ചു. അധികൃതരുടെ കണ്ണ് തുറക്കുന്നത് വരെ കുട്ടികള്‍ ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുമെന്നും ദുരന്തബാധിതര്‍ കൂട്ടിച്ചേര്‍ത്തു.

 ഫെബ്രുവരി ഒന്‍പതിന് രാവിലെ ഏഴ് മണിക്കാണ് ദുരന്തബാധിതർ അനിശ്ചിതകാല സമരം തുടങ്ങിയത്. പൊരിവെയിലിന്റെ കടുത്ത ചൂടും പൊടിയുമെല്ലാം സഹിച്ചാണ് സ്ത്രീകളും, കുട്ടികളും, വൃദ്ധരുമുള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ, ഭക്ഷണം വാങ്ങാനോ പോലും കഴിയാതെയാണ് നിലവില്‍ സമരം മുന്നോട്ട് പോകുന്നത്. എട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. അടിമാലി അമ്പലപ്പടിയിലാണ് സമരം നടക്കുന്നത്.

 ഒക്ടോബര്‍ 25നായിരുന്നു അടിമാലി കൂമ്പന്‍പാറയിലെ ലക്ഷംവീട് കോളനിയില്‍ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ വീട് ഇടിഞ്ഞ് വീണ് പ്രദേശവാസിയായ ബിജു മരിക്കുകയും, ഭാര്യ സന്ധ്യയ്ക്ക് കാലിന് സാരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർന്ന് സന്ധ്യയുടെ കാൽ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്ഥലം വാസയോഗ്യമല്ലെന്നും പ്രദേശവാസികള്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും മാറണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആളുകള്‍ ക്യാമ്പുകളിലേക്കും മറ്റുമായി മാറി. വീടുവിട്ട് പോകേണ്ടി വന്നവര്‍ക്ക് വാടക വീട്ടിലേക്ക് മാറാനുള്ള പണം നല്‍കാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാല്‍ സ്‌കൂളുകളില്‍ നടത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചിട്ടും പണം നല്‍കിയില്ല. ഇതിന് പിന്നാലെയാണ് ദുരന്തബാധിതര്‍ സമരവുമായി രംഗത്തെത്തിയത്.

Related Articles

Back to top button