പുരാതന രേഖകളും ഗ്രന്ഥങ്ങളും കൈയിലുള്ളവര്‍ക്കു ബന്ധപ്പെടാം; ഗ്രന്ഥപ്പുരയുടെ എറണാകുളം സെന്ററിനു തുടക്കം

മലയാളത്തിലെ പുരാതനരേഖകളും പുസ്തകങ്ങളും ഡിജിറ്റൈസ് ചെയ്തു സൂക്ഷിക്കുകയും പൊതുജനങ്ങള്‍ക്കു സൗജന്യമായി ലഭ്യമാക്കുകയും ചെയ്യുന്ന ഗ്രന്ഥപ്പുരയുടെ എറണാകുളം സെന്ററിന്റെ ഉദ്ഘാടനം എഴുത്തുകാരന് പി എഫ് മാത്യൂസ് നിര്‍വഹിച്ചു. നമ്മുടെ സംസ്കാരത്തെ വീണ്ടെടുക്കുന്ന വലിയൊരു പ്രക്രിയ ആയി മാറുകയാണ് ഗ്രന്ഥപ്പുരയുടെ ഡിജിറ്റല്‍ ആര്‍ക്കൈവിങ് പ്രവര്‍ത്തനങ്ങള്‍ എന്ന് പി എഫ് മാത്യൂസ് പറഞ്ഞു. മലയാളത്തില്‍ ഇതുവരെ പൊതുജനങ്ങള്‍ക്കു ലഭ്യമല്ലാതിരുന്ന നിരവധി അപൂര്‍വ ഗ്രന്ഥങ്ങള്‍ ഗ്രന്ഥപ്പുരയില്‍ വായിക്കാം. ഇത് മുഴുവന്‍ ഭാഷാ സ്നേഹികളുടെയും പ്രോത്സാഹനവും പിന്തുണയും അര്‍ഹിക്കുന്നു. കൊച്ചിയില്‍ നിന്നുള്ള ആദ്യത്തെ നോവല്‍, 1906 ല്‍ അച്ചടിക്കപ്പെട്ട പരിഷ്കാര വിജയം ആണെന്ന് കണ്ടെത്തിയത് 2006 ല്‍ മാത്രമായിരുന്നുവെന്ന് പി. എഫ് മാത്യൂസ് ഓര്‍മ്മിപ്പിച്ചു. വാര്യത്ത് ചോറി പീറ്റര്‍ എഴുതിയ ഈ നോവല്‍ കണ്ടെടുത്തത് ഡോ. ജോര്‍ജ് ഇരുമ്പയം ആയിരുന്നു. അതുവരെ ആര്‍ക്കും ചോറി പീറ്റര്‍ എന്ന കൊച്ചിക്കാരനായ എഴുത്തുകാരനെ അറിയില്ലായിരുന്നു. – പി എഫ് മാത്യൂസ് വിശദീകരിച്ചു.



