സെല്ഫിയെടുക്കാനെത്തിയപ്പോള് മുഖ്യമന്ത്രി നീരസം പ്രകടിപ്പിച്ചു വെന്ന വീഡിയോയോട് പ്രതികരിച്ച്, ആതിര ഗ്രേസ്

സെല്ഫിയെടുക്കാനെത്തിയപ്പോള് നീരസം പ്രകടിപ്പിച്ച് നടന്നുനീങ്ങുന്ന മുഖ്യമന്ത്രി എന്ന നിലയില്‍ പ്രചരിക്കുന്ന വീഡിയോയോട് പ്രതികരിച്ച് ജില്ലാ പഞ്ചായത്ത് അംഗം ആതിര ഗ്രേസ്. അമ്പൂരി ജില്ലാ പഞ്ചായത്ത് അംഗമായ ആതിര സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ നീരസം പ്രകടിപ്പിക്കുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്കായിരുന്നു വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍ താന്‍ സെല്‍ഫിയെടുക്കാനല്ല ശ്രമിച്ചതെന്നും ഒരു നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്നും ആതിര പറയുന്നു.
‘സെല്‍ഫിയെടുക്കാന്‍ പോയതല്ല. ആ സമയത്ത് ഫോണ്‍ കോള്‍ വന്നു. നിവേദനം കൊടുക്കാനായി പോയി. തിരക്കായിരുന്നു മുഖ്യമന്ത്രിക്ക്. മറ്റൊരു നിലയ്ക്കും വളച്ചൊടിക്കേണ്ടതില്ല. സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിച്ചിട്ടില്ല. മുഖ്യമന്ത്രി തന്നോട് മാറി നില്‍ക്കാനും പറഞ്ഞിട്ടില്ല’, ആതിര പറഞ്ഞു.
വീഡിയോ ചര്‍ച്ചയായ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആതിരയെ ഫോണില്‍ വിളിക്കും. പാര്‍ട്ടി നേതൃത്വം ഇക്കാര്യം അറിയിച്ചതായി ആതിര പറയുന്നു. കഴിഞ്ഞ ദിവസം അമ്പൂരി കുമ്പിച്ചല്‍ പാലം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു സംഭവം. വെള്ളറട ഡിവിഷനില്‍ നിന്നും സിപിഐഎം അംഗമാണ് ആതിര ഗ്രേസ്.




