ഡ്രൈവർ അറിഞ്ഞില്ല! ഓട്ടോറിക്ഷയില്‍ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ച് വീണു, പരാതിയുമായി കുടുംബം

കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ച് വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. കൊയിലാണ്ടി കോതമംഗലം ജി എല്‍ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആരാധ്യക്കാണ് പരിക്കേറ്റത്. കുട്ടി വീണതറിയാതെ വാഹനം അമിതവേഗത്തിൽ മുന്നോട്ട് പാഞ്ഞുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
സ്കൂളിൽ നിന്ന് കുട്ടികളെ വീടുകളിലേക്ക് കൊണ്ടുപോവുകയായിരുന്നു ഓട്ടോറിക്ഷ ഡ്രൈവർ. എന്നാൽ കുട്ടികളുമായി പോകുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാബോധമില്ലാതെ അമിത വേഗത്തിലാണ് വാഹനം പാഞ്ഞത്. ഇതിനിടയിലാണ് വാഹനത്തിൽ നിന്ന് ആറ് വയസുകാരി പുറത്തേക്ക് തെറിച്ച് വീണത്. അപകടത്തിൽ കുട്ടിയുടെ കാലിനും, കൈക്കും സാരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. കുട്ടിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം നടന്നത്. വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കൾ സംഭവത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കൊയിലാണ്ടി പോലീസിൽ പരാതി നൽകി.




