എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്നം തീർക്കാൻ പറ്റുമോ’; ഇടതുപക്ഷത്തിനെതിരെ തുറന്നടിച്ച് സണ്ണി എം കപിക്കാട്

ഇടതുപക്ഷത്തിനെതിരെ തുറന്നടിച്ച് ദലിത് ചിന്തകൻ സണ്ണി എം കപിക്കാട്. മതമല്ല വിശപ്പാണ് പ്രധാനമെങ്കിൽ കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താൽ പ്രശ്നമെല്ലാം തീരുമല്ലോ എന്ന് സണ്ണി ചോദിച്ചു. ഇവർ എന്തൊക്കയൊണ് ഈ പറയുന്നത്? ഇന്ത്യയിൽ അന്തസായി ജീവിക്കാൻ മുസ്ലീങ്ങൾക്ക് അവകാശമുണ്ടെന്നത് സമ്മതിക്കണം, മനുഷ്യന് വെറുതെ ജീവിച്ചാൽ പോരാ അന്തസോടെ ജീവിക്കണമെന്നും സണ്ണി വ്യക്തമാക്കി. കൊടുങ്ങല്ലൂരിൽ നടന്ന ഗുരുമാനവീയം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറെ തിന്നാൻ കൊടുത്താ മതിയോ…ഇവരെന്നാ ഈ പറയുന്നത്. എനിക്ക് മനസ്സിലാകുന്നില്ല. മതമല്ല വിശപ്പാണത്രേ പ്രശ്നം. എന്നാൽ പിന്നെ എല്ലാവര്‍ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്നം തീർക്കാൻ പറ്റുമോ. ഇത് അന്തസിനെക്കുറിച്ചുള്ള ചോദ്യമാണ്.

കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്. കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാം. ഇത് ഞാൻ പറയുന്നത് ചരിത്രത്തെ ബോധ്യമുള്ളതുകൊണ്ടാണ്. ഡോ. ബി.ആര്‍ അംബേദ്ക്കറെ കോണസ്റ്റിറ്റുവന്‍റ് അസംബ്ലിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചപ്പോൾ അദ്ദേഹത്തെ ആ അസംബ്ലിയിലേക്ക് ആനയിക്കാൻ തീരുമാനിച്ചത് അന്ന് ജിന്ന നേതൃത്വം കൊടുത്ത മുസ്‍ലിം ലീഗാണ്.

മുസ്‍ലിം ലീഗ് സഹായിച്ചുവെന്നത് ശരിയാണ്, പക്ഷേ ജിന്നയുടെ ഒരു വാക്കുണ്ട്. അത് ഇന്ത്യയിലെ ദലിതരുടെ ചരിത്രവും അവകാശരാഹിത്യവും അവരുടെ ശേഷിയെക്കുറിച്ചും പഠിക്കുന്ന ആളെന്ന നിലയിൽ ഞാനത് മറക്കില്ല വാക്കുകള്‌. ഡോ.അംബ്ദേക്കറെ പോലെ പ്രതിഭാശാലിയായ മനുഷ്യന്‍റെ സേവനം ഇന്ത്യക്ക് നഷ്ടപ്പെട്ടുകൂടാ എന്നാണ് പറഞ്ഞത്. അത് പറയാൻ ജിന്നയെ ഉണ്ടായിരുന്നുള്ളൂവെന്ന് തിരിച്ചറിയാനുള്ള ബോധം കേരളത്തിലെയും ഇന്ത്യയിലെയും ദലിതർക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകാൻ താൻ തയ്യാറാണെന്ന് സണ്ണി എം കപിക്കാട് ഉറപ്പിച്ച് പറഞ്ഞിരുന്നു.
യുഡിഎഫിന്‍റെ ഓഫർ സ്വീകരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. മത്സരിക്കുന്നത് സംബന്ധിച്ച് ചില നിർദേശങ്ങൾ വന്നിട്ടുണ്ടെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി യുഡിഎഫ് പരിഗണിക്കുന്നുണ്ടെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി.

എൽഡിഎഫ് നയങ്ങൾക്കെതിരെ പോരാടുന്നത് രാഷ്ട്രീയ കടമയാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫിനെതിരെ പൊരുതാനുള്ള ഒരേയൊരു വഴി യുഡിഎഫാണെന്നും, പിണറായി സർക്കാർ ദളിത് വിഭാ​ഗത്തിനെതിരെ പല തെറ്റായ നയങ്ങളും സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

താൻ ജീവിതത്തിൽ അംബേദ്കറിസ്റ്റ് രാഷ്ട്രീയമാണ് പിന്തുടരുന്നത്. യുഡിഎഫിനോട് ചേർന്ന് പ്രവർത്തിക്കുകയാണെങ്കിൽ നിലപാടുകൾ കൈയ്യൊഴിയേണ്ടി വരില്ല. പൊതുകാര്യങ്ങളിൽ ഒന്നിച്ച് നിൽക്കുന്നതാണ് മുന്നണി രാഷ്ട്രീയമെന്നും സണ്ണി എം കപിക്കാട് കൂട്ടിച്ചേർത്തു.

Related Articles

Back to top button