ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജനും, മലയാളിയുമായ ഡോ. സി തോമസ് അന്തരിച്ചു

ഒമാനിൽ പ്ലാസ്റ്റിക് സർജറി രംഗത്തെ വളർച്ചയ്ക്ക് അടിത്തറയിട്ട പ്രമുഖ മലയാളി ഡോക്ടർമാരിൽ ഒരാളായ ഡോ. സി. തോമസ് അന്തരിച്ചു. അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധേയമായ പ്രതിഭയായിരുന്ന ഡോ. സി. തോമസ് മസ്കറ്റിലുള്ള വീട്ടിലാണ് നിര്യാതനായത്. കഴിഞ്ഞ ആറു മാസം അർബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു .84 വയസ്സായിരുന്നു. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഖൗല ആശുപത്രിയിൽ ദീർഘകാലം സീനിയർ കൺസൾട്ടന്റും പ്ലാസ്റ്റിക് സർജറി വിഭാഗം മേധാവിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1981-ൽ ഖൗല ആശുപത്രിയിൽ വെറും 10 കിടക്കകളും ഒരു അസിസ്റ്റന്റ് ഡോക്ടറും ഉൾപ്പെട്ട ചെറിയ യൂണിറ്റായി ആരംഭിച്ച പ്ലാസ്റ്റിക് സർജറി വിഭാഗം, ഇന്ന് മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് സർജറി ഡിപ്പാർട്ട്മെന്റായി വളർന്നത് ഡോ. സി. തോമസിന്റെ നേതൃത്വത്തിലൂടെയാണ്. നിലവിൽ ഏകദേശം 80 കിടക്കകളും,23 വിദഗ്ധ ഡോക്ടർമാരുമുള്ള ഈ വിഭാഗം, ഒമാനിലെ ആരോഗ്യ രംഗത്തിന്റെ അഭിമാനമായി മാറിയിട്ടുണ്ട്.
ഈ വിഭാഗം സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ കോളേജുമായി ബന്ധിപ്പിച്ചിട്ടുള്ളതും, ഒമാൻ മെഡിക്കൽ സ്പെഷ്യാലിറ്റി ബോർഡിന് കീഴിൽ മെഡിക്കൽ വിദ്യാർത്ഥികൾക്കും പിജി ഡോക്ടർമാർക്കും പരിശീലനം നൽകുന്നതുമായ ഒരു പ്രധാന അധ്യാപന കേന്ദ്രവുമാണ്. 1998-ൽ ഔദ്യോഗിക പരിശോധനയ്ക്ക് ശേഷം, യുണൈറ്റഡ് കിംഗ്ഡത്തിലെ റോയൽ കോളേജ് ഓഫ് സർജൻസ് ഓഫ് എഡിൻബറോ ഈ വിഭാഗത്തെ ഉന്നത ശസ്ത്രക്രിയാ പരിശീലന കേന്ദ്രമായി അംഗീകരിച്ചത് മേഖലയിലെ അപൂർവ നേട്ടമായി കണക്കാക്കപ്പെടുന്നു.




