കുളത്തിനടുത്ത് നിന്ന് നായകൾ അസാധാരണമായി കുരച്ചു; ശബ്‌ദം കേട്ടെത്തിയ നാട്ടുകാർ കണ്ടത് ആറ് വയസുകാരിയുടെ…

ബിഹാറിലെ ധർബംഗ ജില്ലയിൽ ആറ് വയസുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടു. സംഭവത്തിൽ ദൃക്സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിൽ വികാസ് മാത്തോ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ സമീപത്തെ കുളത്തിനടുത്ത് നിന്ന് നായകളുടെ അസാധാരണ കുരച്ചിൽ കേട്ടിരുന്നു. ഇവിടെ തിരച്ചിൽ നടത്തിയപ്പോഴാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം അയൽവാസികളായ കൂട്ടുകാർക്കൊപ്പം കുളത്തിനടുത്ത് കളിക്കാൻ പോയതായിരുന്നു പെൺകുട്ടി. ഏറെ വൈകിയിട്ടും പെൺകുട്ടി തിരികെ വന്നില്ല. വികാസ് മാത്തോ പെൺകുട്ടിയെ വലിച്ചുകൊണ്ടുപോയെന്ന് കൂട്ടുകാർ പറഞ്ഞതോടെ നാട്ടുകാർ സ്ഥലത്ത് തിരച്ചിൽ നടത്തി. എന്നാൽ കുട്ടി എവിടെയെന്ന് കണ്ടെത്താനായില്ല. ഇതിനിടെയാണ് നായകൾ കുരയ്ക്കുന്ന ശബ്ദം കേട്ടത്.

സ്ഥലത്തെത്തിയ പൊലീസ്, മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടി ക്രൂര പീഡനത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമായതോടെ നാട്ടുകാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. കൊല്ലപ്പെട്ട കുട്ടിയുടെ സുഹൃത്തുക്കളിൽ നിന്ന് മൊഴിയെടുത്ത പൊലീസ് 22കാരനായ പ്രതിയെ വൈകാതെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Back to top button