ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു

ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പോലീസ്. ഏതെങ്കിലും സാമ്പത്തിക തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും പോലീസ് പറഞ്ഞു. റിങ്കുവിന്റെ സഹോദരന്റെ പരാതിയിൽ യുപി അലി​ഗഢ് പൊലീസ് അന്വേഷണം ആരംഭിച്ചു. തിരക്കേറിയ ക്രിക്കറ്റ് ഷെഡ്യൂൾ കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി റിങ്കു തന്റെ ഫേസ്ബുക്ക് അക്കൗണ്ട് സജീവമായി നിരീക്ഷിച്ചിരുന്നില്ല. ഇതിനിടയിലാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.

തന്റെ സോഷ്യൽമീഡിയ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ഈയാഴ്ച ആദ്യമാണ് റിങ്കു സിങ് ഫോണിലൂടെ അറിയിച്ചതെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് നീരജ് കുമാർ പറഞ്ഞു. തുടർന്ന് റിങ്കുവിന്റെ സഹോദരൻ സോനു സിങ് ബുധനാഴ്ച സൈബർ സെല്ലിൽ രേഖാമൂലം പരാതി നൽകി. അക്കൗണ്ട് തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും ഹാക്കർമാരെ പിടികൂടണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. എപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം സൈബർ സെൽ വിശദമായി അന്വേഷിച്ചുവരികയാണെന്നും എസ്എസ്പി പറഞ്ഞു. ഹാക്കിങ്ങിന്റെ ഉറവിടം കണ്ടെത്താനും അക്കൗണ്ട് എന്തെങ്കിലും തട്ടിപ്പിനോ കുറ്റകൃത്യങ്ങൾക്കോ ദുരുപയോ​ഗിച്ചിട്ടുണ്ടോ എന്നും സാമ്പത്തിക നഷ്ടമുണ്ടായിട്ടുണ്ടോ എന്നും കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും ഉ​ദ്യോ​ഗസ്ഥൻ കൂട്ടിച്ചേർത്തു.

Related Articles

Back to top button