ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും.. സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്ന് തുഷാർ

എൻഎസ്എസ് – എസ്എന്‍ഡിപി ഐക്യം ഉണ്ടാകുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. സുകുമാരൻ നായരെ തള്ളിപ്പറയില്ലെന്ന് പറഞ്ഞ തുഷാർ, എൻഎസ്എസുമായി ചർച്ച നടത്തുമെന്നും പറഞ്ഞു. എൻ്റെ പിതാവിനെപ്പോലെ ബഹുമാനിക്കുന്ന ആളാണ് സുകുമാരൻ നായർ. ചട്ടിയും കലവും ആകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കുമെന്നും എൻഎസ്എസ് വാതിൽ അടച്ചു എന്ന് എസ്എന്‍ഡിപി വിശ്വസിക്കുന്നില്ലെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. മറ്റു സമുദായ സംഘടനകളുമായുള്ള സഹകരണം ചർച്ച രണ്ടാഴ്ചക്കുള്ളിൽ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഡിജെഎസിന്റെ സീറ്റുകൾ വിട്ട് നൽകില്ലെന്നും തുഷാർ വെള്ളാപ്പള്ളി. സീറ്റുകൾ വെച്ചു മാറില്ല. ഒരാഴ്ചക്കുള്ളിൽ സീറ്റ് നിർണ്ണയം പൂർത്തിയാക്കും. 10 ദിവസത്തിനുള്ളിൽ ബിഡിജെഎസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഇത്തവണ മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. മുൻപത്തെക്കാൾ കൂടുതൽ പണം കേരളത്തിന് കിട്ടിയെന്നാണ് തുഷാർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. കേരളത്തിന് എയിംസ് തരുന്നതിന് ഒരു ബുദ്ധിമുട്ടുമില്ല. കേരളമാണ് സഹകരിക്കാത്തത്. എയിംസിന് 200 ഏക്കർ വേണം. സംസ്ഥാനം സ്ഥലം നൽകിയില്ലെന്നും നിബന്ധനകൾ പൂർത്തീകരിക്കാതെ എയിംസ് നൽകാനാവില്ലെന്നും തുഷാർ വെള്ളാപ്പള്ളി വിമര്‍ശിച്ചു




