മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടു; മാളിക്കടവിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

മാളിക്കടവിൽ 26കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മരണശേഷം യുവതി മൂന്ന് തവണ പീഡിപ്പിക്കപ്പെട്ടതായി പോലീസ് കണ്ടെത്തി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളും പ്രതിയായ വൈശാഖന്റെ ഇൻഡസ്ട്രിയിൽ വർക്ഷോപ്പിൽനിന്ന് പോലീസ് കണ്ടെത്തി.യുവതിയുടെ നഗ്നദൃശ്യങ്ങൾ പകർത്തിയിരുന്ന പ്രതി, വർക്ഷോപ്പിൽ വന്നില്ലെങ്കിൽ അവ സോഷ്യൽമീഡിയകളിൽ പ്രചരിപ്പിക്കുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നതായും വൈശാഖൻ പോലീസിനോട് പറഞ്ഞു.
ജനുവരി 24നാണ് ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് സ്വന്തം സ്ഥാപനത്തിലേക്ക് വിളിച്ചുവരുത്തിയതിന് ശേഷം പ്രതി വൈശാഖൻ യുവതിയെ കൊലപ്പെടുത്തിയത്. ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം ഉറക്കഗുളിക ചേർത്ത ശീതളപാനീയം യുവതിക്ക് നൽകി. ശേഷം തൂങ്ങിമരിക്കാനെന്ന വ്യാജേന രണ്ട് കുരുക്കുകൾ തയ്യാറാക്കുകയും യുവതി കഴുത്തിൽ കുരുക്കിട്ടതിന് പിന്നാലെ സ്റ്റൂൾ ചവിട്ടിത്തെറിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബന്ധുകൂടിയായ യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയം പ്രതിക്കുണ്ടായിരുന്നു. കൊലപാതകത്തിന് ശേഷവും പ്രതി യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. ജ്യൂസിൽ ഉറക്കഗുളിക കലർത്തി യുവതിയെകൊണ്ട് കുടിപ്പിച്ചതിന്ശേഷം അവരെ മർദ്ദിച്ച് അവശയാക്കി. യുവതിയെ നിർബന്ധിച്ചാണ് മരിക്കാമെന്ന് തീരുമാനത്തിലേക്ക് പ്രതി എത്തിച്ചതെന്നാണ് വിവരം. ഇൻഡസ്ട്രിയിൽ വർക്ഷോപ്പിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായക വഴിത്തിരിവായിരുന്നു. മൂന്ന് മണിക്കൂറിലേറെയുള്ള ദൃശ്യങ്ങളിൽ യുവതിയെ കൊലപ്പെടുത്താൻ പ്രതി നടത്തിയ ആസൂത്രിത ശ്രമങ്ങളാണുള്ളതെന്ന് പോലീസ് അറിയിച്ചു.
പത്ത് വർഷത്തോളമായി യുവതിയുമായി പ്രതി ബന്ധം പുലർത്തുന്നുണ്ട്. ഇതിനിടെ പുതിയ കാമുകിയുടെ വിവരം യുവതി അറിയുകയും ഇത് ഇരുവർക്കുമിടയിൽ സംസാരവിഷയമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വൈശാഖൻ യുവതിയെ കൊല്ലാൻ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം സംഭവം നടക്കുന്ന ദിവസം യുവതി തന്റെ ആശങ്കകൾ ഡയറിയിൽ രേഖപ്പെടുത്തി കൗൺസലർക്ക് അയച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഡയറിക്കുറിപ്പ് എഴുതിയ സമയവും ഒപ്പും അടയാളപ്പെടുത്തിയ ശേഷം ഫോട്ടോ എടുത്ത് യുവതി കൗൺസലർക്ക് അയയ്ക്കുകയായിരുന്നു. ഡയറി ബാഗിൽവെച്ചാണ് സംഭവസ്ഥലത്തേക്ക് യുവതി യാത്ര പുറപ്പെട്ടത്. താൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന കുറിപ്പിൽ തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദി വൈശാഖൻ ആയിരിക്കുമെന്നും പറയുന്നുണ്ട്. കുറിപ്പെഴുതി മൂന്ന് മണിക്കൂറിനകമാണ് യുവതി കൊല്ലപ്പെട്ടതെന്ന് അന്വേഷണത്തിൽ വ്യക്തമാണ്.


