ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നാടകീയ നീക്കങ്ങളിൽ സംഘടനാതല നടപടിയുമായി കോൺഗ്രസ്

മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നാടകീയ നീക്കങ്ങളിൽ സംഘടനാതല നടപടിയുമായി കോൺഗ്രസ്. ഡിസിസി ജനറൽ സെക്രട്ടറി ടി എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം പാർട്ടിയിൽനിന്നും രാജിവെച്ച് ബിജെപിക്കൊപ്പംചേർന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയെ പഞ്ചായത്ത് പ്രസിഡന്റായി ജയിപ്പിച്ചതിന് പിന്നാലെയാണ് നടപടി. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെയാണ് എട്ട് കോൺഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ചേർന്ന് പിന്തുണച്ചത്. അതേസമയം ഒരു ബിജെപി അംഗത്തിന്റെ വോട്ട് അസാധുവായി. യുഡിഎഫിന് എട്ട് അംഗങ്ങളും എൽഡിഎഫിന് 10ഉം ബിജെപിക്ക് നാലും അംഗങ്ങളാണ് ഉണ്ടായിരുന്നത്.




