ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നു; എല്ലാത്തിനും പിന്നിൽ സംഘപരിവാർ ശക്തികൾ: മുഖ്യമന്ത്രി

ക്രിസ്മസ് ആഘോഷങ്ങളെ കടന്നാക്രമിക്കുന്നതിന് പിന്നിൽ സംഘപരിവാർ ശക്തികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിലും, പാലക്കാട്ടും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായി അക്രമത്തിനെതിരെയായാണ് കടുത്ത പ്രതിഷേധമുയരുന്നത്. മത പരിവര്‍ത്തനം ആരോപിച്ചാണ് ബിജെപി പ്രവര്‍ത്തകരും സംഘപരിവാര്‍ സംഘടനകളും മധ്യപ്രദേശിലെ ജബൽ പൂരിൽ സംഘര്‍ഷമുണ്ടാക്കിയത്. ദില്ലിയിൽ മലയാളികള്‍ ഉള്‍പ്പെടെയുള്ള കരോള്‍ സംഘത്തെ ബജറംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചു. ഒഡിഷയില്‍ ക്രിസ്മസ് അലങ്കാരങ്ങള്‍ വിൽക്കാനെത്തിയവര്‍ക്ക് നേരെയും ഭീഷണിയുണ്ടായി. മധ്യപ്രദേശിൽ പ്രാര്‍ഥനാ സംഘത്തെ അക്രമിച്ചെന്നും പരാതി. പാലക്കാട്ട് കരോള്‍ സംഘത്തെ അക്രമിക്കാൻ ശ്രമിച്ചു. കേരളത്തിൽ ഇത്തരം ശക്തികള്‍ തല പൊക്കുന്നത് അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ചില സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം റദ്ദാക്കിയതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.




