പങ്കുണ്ടെങ്കിൽ പത്മകുമാർ അനുഭവിക്കേണ്ടിവരും; ശബരിമല സ്വർണക്കവർച്ചാ കേസിൽ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം ഇങ്ങനെ..

ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. ശബരിമല സ്വർണക്കവർച്ചയിൽ സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ.പത്മകുമാറിനെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്വർണക്കവർച്ചയിൽ പങ്കുണ്ടെങ്കിൽ പത്മകുമാർ അനുഭവിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
‘‘ഉപ്പുതിന്നവൻ വെള്ളം കുടിക്കും. പത്മകുമാറിന് എന്തെങ്കിലും പങ്കുണ്ടെങ്കിൽ പത്മകുമാർ അനുഭവിക്കേണ്ടിവരും. പത്മകുമാർ കുറ്റക്കാരനാണെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ചോദ്യം ചെയ്യൽ കഴിഞ്ഞതേയുള്ളൂ. കുറേ നടപടികൾ കൂടി ഉണ്ടല്ലോ’’ – ശിവൻകുട്ടി പറഞ്ഞു.
അതേസമയം, പത്മകുമാറിനെ എസ്ഐടി അറസ്റ്റ് ചെയ്തതിലൂടെ പാർട്ടി പ്രതിരോധത്തിലല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ പ്രതികരണം. എ പത്മകുമാറിൻറെ അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും വേണ്ട സമയത്ത് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.




