ഭീകരവാദക്കേസിൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിക്ക് ജയിലിൽ സഹതടവുകാരുടെ ക്രൂരമർദ്ദനം.. രാജ്യസ്നേഹം പ്രകടിപ്പിച്ചെന്ന് മൊഴി….

തീവ്രവാദക്കേസിലെ പ്രതിയായ സയ്യിദ് അഹമ്മദ് മൊഹിയുദ്ദീൻ അബ്ദുൾ ഖാദിർ ജിലാനിയെ (40) മൂന്ന് സഹതടവുകാർ ആക്രമിച്ചു. സബർമതി സെൻട്രൽ ജയിലിൽ കഴിഞ്ഞ ദിവസമാണ് സംഘർഷമുണ്ടായത്. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്) അന്വേഷിച്ച ഉന്നതതല ഭീകരാക്രമണ ഗൂഢാലോചനയിൽ കുറ്റാരോപിതനായ ജിലാനിയെയും മറ്റ് രണ്ട് പേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നത്.
ഹൈദരാബാദ് സ്വദേശിയായ ജിലാനിയെ മോഷണക്കുറ്റത്തിന് പിടിയിലായ അമ്രൈവാഡി നിവാസിയായ നിലേഷ് ശർമ്മയും മറ്റ് രണ്ട് പേരും ചേർന്നാണ് മർദ്ദിച്ചത്. മുഖത്ത് പരിക്കേറ്റ ജിലാനിക്ക് ചികിത്സ നൽകി. ദേശസ്നേഹം പ്രകടിപ്പിക്കാനാണ് ജിലാനിയെ ആക്രമിച്ചതെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. മറ്റ് തടവുകാർ പെട്ടെന്ന് ഇടപെട്ട് ആക്രമണം തടഞ്ഞതിനാൽ പ്രശ്നം അവസാനിച്ചു. ഇത്രയും തടവുകാരിൽ നിന്ന് ഇവർ എങ്ങനെയാണ് സയ്യിദിനെ തിരഞ്ഞെടുത്തതെന്നും അവർക്ക് നേരത്തെ അറിയിപ്പ് ലഭിച്ചിരുന്നോ എന്നും പരിശോധിക്കുകയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


