കള്ളുഷാപ്പുകളിൽ ഇനി ‘ഓപ്പറേഷൻ ശുദ്ധി’; എക്സൈസും ഭക്ഷ്യസുരക്ഷാവകുപ്പും കൈകോർക്കുന്നു

നാടൻ വിഭവങ്ങളിലൂടെ കള്ളുഷാപ്പുകൾ ഭക്ഷണപ്രേമികളുടെ പ്രിയകേന്ദ്രങ്ങളായി മാറിയിട്ടുണ്ടെങ്കിലും, കപ്പയും കരിമീൻ പൊള്ളിച്ചതും ബീഫ് ഫ്രൈയും ഉൾപ്പെടെയുള്ള വിഭവങ്ങൾ തയ്യാറാക്കുന്ന അവിടുത്തെ അടുക്കളയെക്കുറിച്ച് പലർക്കും ‘അത്ര പോരാ’ എന്ന അഭിപ്രായമാണ്. എന്നാൽ, ഇനി ഈ അടുക്കളകളും കർശന നിരീക്ഷണത്തിലാകും. ശുചിത്വവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാൻ എക്സൈസ് വകുപ്പും ഭക്ഷ്യസുരക്ഷാ അതോറിറ്റിയും സംയുക്ത പരിശോധനകൾക്ക് തുടക്കമിടുന്നു.
സംസ്ഥാനത്തെ 3,913 കള്ളുഷാപ്പുകളിൽ 2,310 ഇടങ്ങളിൽ ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ കണക്ക്. ഭൂരിഭാഗം ഷാപ്പുകളും വാടകക്കെട്ടിടങ്ങളിലായതിനാൽ അടുക്കള സൗകര്യങ്ങളിൽ പരിമിതികളുണ്ട്. ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ലഭ്യമാക്കുകയാണ് പരിശോധനകളുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.



