പൊലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിൽ എംപി കോടതിലേക്ക്..
പേരാമ്പ്ര സംഘർഷവുമായി ബന്ധപ്പെട്ട് വടകര എംപി ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. എംപി ആക്രമിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടിയില്ലെന്നാരോപിച്ചാണ് നീക്കം. വിഷയത്തിൽ ഷാഫി പറമ്പിൽ എംപി സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.
പേരാമ്പ്ര സംഘർഷത്തിൽ തന്നെ മർദ്ദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നുൾപ്പെടെ വെളിപ്പെടുത്തൽ നടത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിലാണ് നടപടി. സർവീസിൽനിന്ന് പുറത്താക്കിയ ശേഷം രഹസ്യമായി തിരിച്ചെടുത്ത ഉദ്യോഗസ്ഥനാണ് തന്നെ ആക്രമിച്ചത് എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ആരോപണം.
വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ കാണിച്ചു നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു ഷാഫിയുടെ പ്രതികരണം. വിഷയത്തിൽ ഡിജിപിക്ക് ജില്ലാ കോൺഗ്രസ് കമ്മിറ്റി തെളിവുകളോടെ പരാതി നൽകിയിട്ടും ഇതുവരെ ഒരു മറുപടിയും ലഭിച്ചിട്ടില്ലെന്നും പാർട്ടി വൃത്തങ്ങൾ ആരോപിച്ചിരുന്നു.



