മുൻസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം ദുർഗന്ധം വമിച്ചു… പ്രഭാത സവാരിക്കാർ കണ്ടത്…

മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപം കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 2 വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കാരാണ് നടത്തത്തിനിടയിൽ അസഹ്യമായ ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപെട്ട് സ്ഥലത്ത് പരിശോധന നടത്തിയത്. ഇതോടെയാണ് കക്കൂസ് മാലിന്യം തള്ളിയതാണെന്ന് കണ്ടെത്തിയത്. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് ചുറ്റും വയലാണ്. ഈ വയലിലൂടെയാണ് ബസ് സ്റ്റാൻഡിലേക്ക് റോഡുള്ളത്. വിഷയത്തിൽ പ്രദേശവാസി പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. സംശയം തോന്നിയ രണ്ട് വാഹനങ്ങളാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. മാലിന്യം തള്ളുന്നത് സംബന്ധിച്ച് പരാതികളുയരുന്നുണ്ടെങ്കിലും നടപടിയെടുക്കാനോ തടയാനോ നഗരസഭ ആരോഗ്യ വിഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.



