‘വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ’.. വാനോളം പുകഴ്ത്തി മന്ത്രി…
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വാനോളം പുകഴ്ത്തി മന്ത്രി വി. എൻ. വാസവൻ. കുത്തഴിഞ്ഞ പുസ്തകത്തെ ചിട്ടയായി മാറ്റിയെടുത്തത് വെള്ളാപ്പള്ളി നടേശനാണ്. വെള്ളാപ്പള്ളി നടേശൻ പകരക്കാരൻ ഇല്ലാത്ത അമരക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.തുടര്‍ച്ചയായി മൂന്ന് പതിറ്റാണ്ടുകളോളം ഒരു സംഘടനയെ നയിച്ച് ചോദ്യം ചെയ്യാനാകാത്ത സംഘിയായി മുന്നോട്ട് പോകാന്‍ കഴിഞ്ഞ വ്യക്തിയാണ് വെള്ളാപ്പള്ളിയെന്നും വാസവന് പറഞ്ഞു. എസ്എന്‍ഡിപി ശിവഗിരി യൂണിയന് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെള്ളാപ്പള്ളി നടേശന് നല്കിയ സ്വീകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
നേരത്തെയും വെള്ളാപ്പള്ളിയെ വാനോളം പ്രശംസിച്ച് വാസവന് രംഗത്തുവന്നിരുന്നു. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയം നിലപാട് പറയുന്ന ആളാണ് വെള്ളാപ്പള്ളിയെന്നും വിശ്രമ ജീവിതം നയിക്കേണ്ട കാലഘട്ടത്തില്‍ ഊർജസ്വലനായി ചരിത്രം സൃഷ്ടിക്കുന്നയാളാണ് അദ്ദേഹമെന്നും വിഎന്‍ വാസവന് പറഞ്ഞിരുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും ഓടിയെത്തും. മൂന്ന് പതിറ്റാണ്ടിലേറെക്കാലം സംഘടനയുടെ ജനറല്‍ സെക്രട്ടറിയായി അനസ്യൂതം യാത്ര തുടരുകയാണ് വെള്ളാപ്പള്ളി. അദ്ദേഹത്തിന്റെ ജനറല്‍ സെക്രട്ടറി പദത്തിന് സവിശേഷങ്ങളായ ചില രൂപങ്ങളുണ്ട്. അത് തിരിച്ചറിയണമെന്നും വിഎന്‍ വാസവന് പറഞ്ഞിരുന്നു.



