ശിവഗിരി, മുത്തങ്ങ, മാറാട്; എന്താണ് എകെ ആൻറണി പറഞ്ഞ ആ മൂന്നു സംഭവങ്ങൾ?
കേരളത്തിലെ പൊലീസ് അതിക്രമങ്ങളെ കുറിച്ച് നിയമസഭയിൽ നടന്ന ചർച്ചയുടെ പശ്ചാത്തലത്തിൽ മുൻ മുഖ്യമന്ത്രി എകെ ആന്റണി നടത്തിയ വാർത്താസമ്മേളനം സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ചിരിക്കുകയാണ്. ശിവഗിരിയിലെ പൊലീസ് നടപടി, മുത്തങ്ങ പൊലീസ് വെടിവെയ്പ്പ്, മാറാട് കലാപം എന്നിവയുമായി ബന്ധപ്പെട്ട് എ കെ ആന്റണി നടത്തിയ പ്രതികരണങ്ങളാണ് ഒരിക്കൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സംഭവങ്ങളെ വീണ്ടും ചർച്ചകളിലേക്ക് എത്തിച്ചത്.
ശിവഗിരിയിലെ പൊലീസ് നടപടി
ശിവഗിരി മഠത്തിലെ അധികാര തർക്കങ്ങളായിരുന്നു 1995 ഒക്ടോബർ 11 ലെ പൊലീസ് നടപടിയിൽ കലാശിച്ചത്. ശിവഗിരി മഠവുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പായിരുന്നു തർക്കങ്ങളുടെ തുടക്കം. തെരഞ്ഞെടുപ്പിൽ ജയിച്ച സന്യാസിമാർക്ക് അധികാരം കൈമാറാൻ മറുവിഭാഗം തയ്യാറായില്ല. പ്രകാശാനന്ദയ്ക്ക് അധികാരം കൈമാറാൻ വേണ്ട നടപടികൾ ഉറപ്പാക്കണം എന്ന കോടതി നിർദേശത്തിന് പിന്നാലെ ആയിരുന്നു ശിവഗിരിയിൽ പൊലീസ് നടപടി ഉണ്ടായത്.
ഒക്ടോബർ 11 ന് രാവിലെ, 500 പേരടങ്ങുന്ന പൊലീസ് സംഘം മഠം വളപ്പിൽ പ്രവേശിച്ചതോടെ പ്രദേശം സംഘർഷ ഭൂമിയാവുകയായിരുന്നു. പ്രകാശാനന്ദയുടെ എതിർ വിഭാഗമായ, സ്വാമി ശാശ്വതീകാനന്ദയെ അനൂകൂലിച്ച 2,000-ത്തിലധികം വരുന്ന അനുയായികൾ പൊലീസിനെ പ്രതിരോധിച്ചതോടെ സംഘർഷം രൂക്ഷമാവുകയായിരുന്നു. കേരള രാഷ്ട്രീയത്തിലും യുഡിഎഫ് മുന്നണിയിലും പിന്നീട് ദൂര വ്യാപക പ്രത്യാഘാതങ്ങളായിരുന്നു പൊലീസ് നടപടി സൃഷ്ടിച്ചത്.
മുത്തങ്ങ വെടിവയ്പ്പ്
2003 ഫെബ്രുവരി 19, കേരളത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനം. മുത്തങ്ങയിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്ത ആദിവാസികൾക്ക് നേരെ ഉണ്ടായ പൊലീസ് നടപടി സംഘർഷത്തിലും വെടിവെപ്പിലും കലാശിച്ചു. സംഘർഷത്തിനിടെ പൊലീസ് 18 റൗണ്ട് വെടിയുതിർത്തു. ആദിവാസി യുവാവ് ജോഗി പൊലീസ് വെടിവെപ്പിൽ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ വിനോദും സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ടു. 5 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ.
ഭൂരഹിതരായ ആദിവാസികൾക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമായിരുന്നു സമരക്കാർ ഉയർത്തിയത്. സി കെ ജാനുവിന്റെ നേതൃത്വത്തിൽ 2001 ൽ സെക്രട്രേറിയറ്റിന് മുന്നിൽ നടത്തയ സമരത്തിന് ശേഷം സർക്കാർ സമരക്കാരുമായി ചില കരാറുകൾ ഉണ്ടാക്കി. എന്നാൽ ഈ കരാർ ലംഘിക്കപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചുകൊണ്ട്് 2003-ൽ സി കെ ജാനുവിന്റെ നേതൃത്വത്തിൽ തന്നെ ആദിവാസികൾ മുത്തങ്ങയിൽ വന ഭൂമിയിൽ കുടിൽകെട്ടി സമരം ആരംഭിച്ചത്. ജനുവരി അഞ്ചിന് ഭൂമി കയ്യേറി ഭൂസമരം ആരംഭിച്ച ആദിവാസികൾക്കെതിരെ 48 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് നടപടി ഉണ്ടായത്.
മാറാട് കലാപം
2001- 2003 വർഷങ്ങൾക്കിടയിൽ കോഴിക്കോട് മാറാട് തീരദേശ മേഖലയിൽ നിലനിന്ന അക്രമസംഭവങ്ങളെയാണ് മറാട് കലാപങ്ങൾ എന്ന വിശേഷിപ്പിക്കുന്നത്. 2002 ജനുവരിയിലാണ് പ്രശ്നങ്ങൾ അക്രമങ്ങളിലേക്ക് എത്തിച്ച ആദ്യ കൊലപാതകം നടക്കുന്നത്. മാറാട് ജുമാ മസ്ജിദിനു സമീപത്തെ റോഡിൽ വെച്ച് കുഞ്ഞിക്കോയ എന്നയാളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്നുണ്ടായ അക്രമങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പൊതു ടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമങ്ങളിൽ കലാശിച്ചത്. ഇതിന്റെ തുടർച്ചയായിരുന്നു 2003ൽ ഉണ്ടായത്. മെയ് രണ്ടിന് ഉണ്ടായ സംഘർഷങ്ങളിൽ ഒമ്പതു പേർ കൊല്ലപ്പെട്ടു.
2003ലെ കലാപവുമായി ബന്ധപ്പെട്ട് 2008 ൽ ഉണ്ടായ മാറാട് കേസുകളിലെ ആദ്യത്തെ കോടതിവിധിയിൽ 63 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. തെളിവുകളുടെ അഭാവത്തിൽ 76 പേരെ വിട്ടയയ്ക്കുകയും ചെയ്തു. 2002ലെ അക്രമസംഭവങ്ങളിൽ2009 ജനുവരി 15ന് പുറപ്പെടുവിച്ച വിധിയിൽ ഇതിൽ 63 പ്രതികളിൽ 61 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
മാറാട് കലാപം അന്വേഷിച്ച തോമസ് പി ജോസഫിന്റെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷന്റെ കണ്ടെത്തലുകളും വലിയ ചർച്ചകൾക്ക് വഴി തുറന്നിരുന്നു. 2006ൽ സമർപ്പിച്ച തോമസ് പി ജോസഫിന്റെ റിപ്പോർട്ടിൽ മാറാട് സംഭവത്തിൽ സിബിഐ, കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് എന്നിവയുടെ അന്വേഷണം വേണമെന്ന് നിർദേശിച്ചിരുന്നു. അക്രമങ്ങൾ തടയുന്നതിൽ പൊലീസിന് സാധിച്ചില്ല. പ്രദേശത്ത് മതിയായ സന്നാഹങ്ങൾ സജ്ജമായിരുന്നില്ലെന്ന കുറ്റപ്പെടുത്തലും തോമസ് പി ജോസഫിന്റെ റിപ്പോർട്ടിലുണ്ടായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിൽ തന്നെ പല അക്രമ സംഭവങ്ങളും അരങ്ങേറിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.
2003ലെ കലാപത്തിനു പിന്നിൽ എൻഡിഎഫ് അടക്കമുള്ള കക്ഷികളുടെ ഇടപെടലുണ്ടായെന്നും ഇതിനു പിന്നിൽ വലിയ ഗൂഢാലോചനയും സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ടെന്നും റിപ്പോർട്ട് ആരോപിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾ പ്രാദേശിത തലത്തിൽ തങ്ങളുടെ നേട്ടങ്ങൾക്കായി വിഷയം ഉപയോഗപ്പെടുത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട തുടർ നടപടികൾ വൈകിപ്പിക്കുന്നതിൽ സർക്കാർ തലത്തിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു.



