പരിശീലനത്തിന്റെയും മത്സരത്തിന്റെയും മറവിൽ ലൈംഗിക ചൂഷണം.. പോക്‌സോ കേസിൽ യോഗ ഗുരു പിടിയിൽ..
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രമുഖ യോഗഗുരു നിരഞ്ജന മൂർത്തി പിടിയിൽ. 19 കാരിയുടെ പരാതിയിൽ ബെംഗളൂരു രാജരാജേശ്വരി പൊലീസ് ആണ് യോഗ ഗുരുവിനെതിരെ നടപടി എടുത്തത്. ബെംഗളൂരു ആർ ആർ നഗർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൺഷൈൻ ദ യോഗ സോണിന്റെ സ്ഥാപകനും ഡയറക്ടറുമാണ് എം നിരഞ്ജന മൂർത്തി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും നിരവധി സ്ത്രീകളെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടെന്നും പൊലീസിനെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് ആണ് 19 കാരി യോഗ ഗുരുവിന് എതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. തന്റെ 17ാം വയസുമുതൽ ഇയാൾ പലതവണ ചൂഷണം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. തുടർന്ന് പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്. 2023 ജനുവരി 1 മുതൽ 2025 ഓഗസ്റ്റ് 30 വരെ ആർആർ നഗറിലെ സസൺഷൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് കേസ്.
2019 മുതൽ മൂർത്തിയെ പരിചയമുണ്ടെന്നും യോഗ മത്സരങ്ങളുടെ ഭാഗമായി തന്റെ 17-ാം വയസിൽ തായ്ലൻഡിലേക്ക് പോയപ്പോഴായിരുന്നു ആദ്യമായി ലൈംഗികമായി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നാലെ യോഗ സെന്റർവിട്ട പെൺകുട്ടി 2024 ൽ വീണ്ടും സൺഷൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തി. പിന്നാലെ പല തവണ നിരഞ്ജന മൂർത്തി പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു.
2025 ഓഗസ്റ്റിൽ ദേശീയ യോഗ മത്സരത്തിൽ മെഡലും സ്ഥാനവും വാഗ്ദാനം ചെയ്ത്, ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് മൂർത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു. ഓഗസ്റ്റ് 22 നും അതിക്രമം നടത്തി. ഇതിന് പിന്നാലെ 2025 ഓഗസ്റ്റ് 30 ന് രാത്രി 11:00 ന് പരാതി നൽകുകയായിരുന്നു. യോഗ പരിശീലനത്തിന്റെയും മത്സര അവസരങ്ങളും വാഗ്ദാനം ചെയ്ത് ചൂഷണം നടത്തിയെന്ന ആരോപണത്തെ തുടർന്നാണ് അറസ്റ്റ്.



