പ്രണയകാലത്തെ ലൈംഗികബന്ധം പിന്നീടെങ്ങനെ ബലാത്സംഗമാകും? വേടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഉയർത്തിയ ചോദ്യങ്ങൾ ഇങ്ങനെ..
ബലാത്സംഗക്കേസിൽ റാപ്പർ വേടൻ സമർപ്പിച്ച മുൻകൂർ ഹർജി പരിഗണിക്കവേ ഹൈക്കോടതി ഉയർത്തിയത് നിർണായക ചോദ്യങ്ങൾ. പ്രണയകാലത്തെ ലൈംഗികബന്ധം പിന്നീടെങ്ങനെ ബലാത്സംഗമാകും എന്ന സുപ്രധാന ചോദ്യമാണ് ഹൈക്കോടതി ഉയർത്തിയത്. ഇത് വേടന്റെ വാദങ്ങൾക്ക് ബലം നൽകുന്ന പരാമർശമാണ് എന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രണയകാലത്തെ ലൈംഗികബന്ധം പിന്നീട് ബലാത്സംഗക്കുറ്റമായി ആരോപിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയർത്തിയ കോടതി, വേടന്റെ അറസ്റ്റ് തടയുകയും ചെയ്തത് കേസിൽ വേടന് താത്ക്കാലിക ആശ്വാസമാണ്.
കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടറുടെ പരാതിയിൽ തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് വേടൻ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ലേഡി ഡോക്ടറുമായി ലൈംഗികബന്ധം പുലർത്തിയിരുന്നു എന്ന ആരോപണം വേടൻ കോടതിയിൽ നിഷേധിച്ചില്ല. ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാണെന്നും ബലാത്സംഗമായിരുന്നില്ല എന്നുമാണ് വേടന്റെ നിലപാട്. വിവാഹ വാഗ്ദാനം നൽകിയാണ് ലൈംഗികബന്ധത്തിലേർപ്പെട്ടതെന്നും പിന്നീട് തന്നെ ഉപേക്ഷിച്ചുപോയി എന്നുമാണ് യുവതിയുടെ പരാതി.
വിവാഹവാഗ്ദാനം നൽകിയാണ് വേടൻ ലൈംഗികബന്ധത്തിലേർപ്പെട്ടതെന്നാണ് ഇന്ന് ഹൈക്കോടതിയിൽ നടന്ന വാദത്തിലും യുവതി ആരോപിച്ചത്. എന്നാൽ, പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ചുപോയി. ഇതോടെ മാനസികനില തകരാറിലായി. കാലങ്ങളോളം ചികിത്സതേടേണ്ടിവന്നു. ഏറെ കാലമെടുത്താണ് സാധാരണജീവിതത്തിലേക്ക് തനിക്ക് മടങ്ങിവരാനായതെന്നും പരാതിക്കാരി കോടതിയിൽ പറഞ്ഞു. വേടനെതിരേ രണ്ട് ലൈംഗികാതിക്രമ പരാതികൾ കൂടി ഉയർന്നിട്ടുണ്ടെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. അതേസമയം, വേടന്റെ മുൻകൂർ ജാമ്യഹർജിയിൽ പ്രോസിക്യൂഷന്റെ വാദം ഇതുവരെ നടന്നിട്ടില്ല.
കഴിഞ്ഞദിവസം വേടന്റെ ജാമ്യഹർജി പരിഗണിച്ചപ്പോൾ പരാതിക്കാരിയും കക്ഷിചേർന്നിരുന്നു. പ്രതിക്കെതിരേയുള്ള കൂടുതൽരേഖകൾ ഹാജരാക്കാനും പരാതിക്കാരിക്ക് കോടതി സമയം അനുവദിച്ചു. അതേസമയം, യുവഡോക്ടറുടെ പീഡനപരാതിയിൽ കേസെടുത്തതിന് പിന്നാലെ ഒളിവിൽപോയ വേടനെ പോലീസിന് പിടികൂടാനായിരുന്നില്ല. ഇയാൾക്കെതിരേ ലുക്കൗട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു.
അതിനിടെ, വേടനെതിരേ രണ്ട് യുവതികൾകൂടി ലൈംഗികാതിക്രമ പരാതികൾ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഇരുവരും പരാതി നൽകിയത്. ഒരാൾ 2020-ലും മറ്റൊരാൾ 2021-ലും വേടനിൽനിന്ന് അതിക്രമം നേരിട്ടെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ ദിവസം യുവതികൾ മുഖ്യമന്ത്രിയുടെ ഓഫീസിന് നൽകിയ പരാതികൾ ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടറെ ബലാത്സംഗം ചെയ്തെന്ന കേസിൽ വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ പരാതികൾ പൊലീസിന് ലഭിച്ചിരിക്കുന്നത്.
തങ്ങൾ ലൈംഗിക അതിക്രമത്തിന് ഇരയായെന്നു കാട്ടി കഴിഞ്ഞ ദിവസമാണ് രണ്ടു യുവതികൾ മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയത്. ദലിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ് പരാതിക്കാരിൽ ഒരാൾ. രണ്ടാമത്തെ പരാതിക്കാരിയും കലാരംഗവുമായി ബന്ധമുള്ളയാളാണ്. 2020ലാണ് ഒരു യുവതിയെ വേടൻ ബലാത്സംഗം ചെയ്യുന്നത്. രണ്ടാമത്തെ യുവതിയെ 2021ലും. വേടന്റെ പാട്ടുകൾ കേട്ടാണ് ദലിത് സംഗീതത്തിൽ ഗവേഷണം നടത്തുന്ന യുവതി വേടനെ പരിചയപ്പെടുന്നത്. പരിചയം സൗഹൃദമാവുകയും പലയിടങ്ങളിൽ വച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പരാതി.
വേടനോട് ആരാധന തോന്നിയാണ് പരിചയപ്പെട്ടത്. ഫോണിൽ വിളിച്ച് പരിചയപ്പെട്ട ശേഷം ആദ്യമായി കണ്ടപ്പോൾ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇ മെയിലിലാണ് ഇരുവരും പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിൽ കാണണമെന്നും കൂടുതൽ തെളിവുകൾ കൈമാറാനുണ്ടെന്നും യുവതികൾ അറിയിച്ചിട്ടുണ്ട്. ഈ രണ്ടു യുവതികളും നേരത്തേ വേടനെതിരെ മീ ടു ആരോപണവും ഉന്നയിച്ചിരുന്നു.
അതേസമയം, തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ലൈംഗിക പീഡനക്കേസിൽ പ്രതിയായ വേടൻ ഇപ്പോഴും ഒളിവിലാണ്. വനിതാ ഡോക്ടറെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ വേടൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പരാതിക്കാരിയെ കക്ഷി ചേർത്തു. ഹർജി ചേർക്കാനുള്ള അപേക്ഷയെ വേടൻ എതിർത്തില്ല. രേഖകൾ ഹാജരാക്കാൻ പരാതിക്കാരിക്കു നിർദേശം നൽകിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി ഇന്ന് പരിഗണിക്കാൻ മാറ്റി.
കോട്ടയം സ്വദേശിനിയെ ബലാത്സംഗം ചെയ്തത് ഒന്നര വർഷത്തിലേറെ
റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഒന്നര വർഷത്തിലേറെ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് കോട്ടയം സ്വദേശിനിയായ ലേഡി ഡോക്ടറുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് യുവതി പരാതിയിൽ വ്യക്തമാക്കുന്നത്. യുവതിയുടെ ഫ്ലാറ്റിലെത്തിയാണ് ആദ്യം വേടൻ ബലാത്സംഗം ചെയ്തതെന്നാണ് പരാതിക്കാരി വ്യക്തമാക്കുന്നത്. വേടൻ ബന്ധത്തിൽ നിന്നും പിന്മാറിയതോടെ താൻ മാനസികമായി തകർന്നുപോയെന്നും യുവതി പരാതിയിൽ പറയുന്നു. തന്നെ സാമ്പത്തികമായും വേടൻ ചൂഷണം ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നുണ്ട്.
2021 ഓഗസ്റ്റിൽ കോഴിക്കോട് കോവൂരുള്ള ഫ്ളാറ്റിൽ വച്ചാണ് വേടൻ ആദ്യം തന്നെ ബലാൽസംഗം ചെയ്തത് എന്നാണ് ലേഡി ഡോക്ടർ പരാതിയിൽ പറയുന്നത്. പിന്നീട് വിവാഹം കഴിച്ചുകൊള്ളാമെന്ന് വിശ്വസിപ്പിച്ചെന്നും 2023 മാർച്ച് വരെ പലവട്ടം ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. പിജി ചെയ്യുന്ന സമയത്താണ് യുവ ഡോക്ടർ വേടനുമായി പരിചയപ്പെടുന്നത്. 2021 ഏപ്രിലിൽ ഇൻസ്റ്റഗ്രാം വഴിയാണ് വേടനെ പരിചയപ്പെട്ടത് എന്നാണ് ഡോക്ടർ വ്യക്തമാക്കുന്നത്. താരം ഇൻസ്റ്റഗ്രാം വഴി പങ്കുവെച്ച ഇൻറർവ്യൂകളും, പാട്ടുകളും കണ്ട് ആകൃഷ്ടയായി യുവതി മെസേജ് അയക്കുകയായിരുന്നു. പിന്നീട് ഇരുവരും ഫോൺ നമ്പറുകൾ കൈമാറി. തന്നെ ഇഷ്ടമാണെന്നും, വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും വേടൻ പറഞ്ഞിരുന്നതായി യുവതി പരാതിയിൽ പറയുന്നു. പരിചയപ്പെട്ട ശേഷം പരസ്പരം ഫോണിലൂടെ വിളിച്ചു.
ഒരുദിവസം ഫെയ്സ്ബുക്ക് പേജിലൂടെ വന്ന ഒരു പോസ്റ്റിനേക്കുറിച്ച് സംസാരിക്കാനുണ്ടെന്നും കാണണമെന്നും പറഞ്ഞ് വേടൻ യുവതിയെ ഫോണിൽ വിളിച്ചു. ഉച്ചയോടെ വേടൻ യുവതി താമസിച്ച ഫ്ലാറ്റിലെത്തി. സമൂഹമാധ്യമത്തിൽ വന്ന പോസ്റ്റിനേക്കുറിച്ച് സംസാരിക്കുന്നതിനിടെ ചുംബിച്ചോട്ടെ എന്ന് ചോദിച്ചു. താൻ സമ്മതിച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ചുംബിച്ചതിന് പിന്നാലെ പെട്ടെന്ന് വേടൻ തന്നെ കിടക്കയിലേക്ക് തള്ളിയിട്ടു. സമ്മതമില്ലാതെ ബലാൽസംഗം ചെയ്തു. ഇത് ചോദിച്ചതോടെ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞുവെന്നുമാണ് പരാതിയിൽ വിശദീകരിക്കുന്നത്. ഈ സംഭവത്തിന് ശേഷം മൂന്നു ദിവസം കഴിഞ്ഞാണ് വേടൻ യുവതിയുടെ ഫ്ലാറ്റിൽ നിന്ന് പോയത്.
പിന്നീട് ഇരുവരും ബന്ധം തുടർന്നു. 2021 ഡിസംബറിൽ തന്റെ പുതിയ പാട്ടിറക്കാൻ വേടൻ യുവതിയോട് പതിനായിരം രൂപ ആവശ്യപ്പെട്ടു. 2021 മുതൽ 2023 വരെ പല വട്ടമായി മുപ്പതിനായിരത്തിലേറെ രൂപ നൽകിയിട്ടുണ്ടെന്നും യുവതിയുടെ പരാതിയിലുണ്ട്. പലവട്ടം വേടന് യാത്ര ചെയ്യാനുള്ള ട്രെയിൻ ടിക്കറ്റും താനാണ് ബുക്കു ചെയ്തു നൽകിയതെന്നും യുവതി പറയുന്നു. പലപ്രാവശ്യമായി 8,356/- രൂപയുടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്ത് നൽകിയിട്ടുണ്ട്. 2022 മാർച്ച് , ജൂൺ മാസങ്ങളിൽ പല ദിവസങ്ങളിൽ വേടൻ തന്റെ ഫ്ലാറ്റിൽ തങ്ങിയിട്ടുണ്ടെന്നും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നും പരാതിയിൽ വിശദീകരിക്കുന്നു.
പഠനം പൂർത്തിയാക്കിയ ഡോക്ടർ 2022 ഓഗസ്റ്റിൽ കൊച്ചിയിൽ ജോലിയിൽ പ്രവേശിച്ചു. കൊച്ചിയിൽ താമസിച്ചിരുന്ന ഫ്ലാറ്റിലും വേടനെത്തി ദിവസങ്ങളോളം താമസിച്ചു. 2023 മാർച്ചിൽ വേടൻറെ കൂട്ടുകാരന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചും തന്നെ ലൈംഗികമായി ഉപദ്രവിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. 2023 ജൂലായ് 14 ന് കൊച്ചിയിലെ ഹോട്ടലിൽ സംഗീത നിശയിൽ പങ്കെടുക്കാനായി വീണ്ടും വരുമെന്ന് പറഞ്ഞാണ് വേടൻ അന്ന് മടങ്ങിയത്. എന്നാൽ പറഞ്ഞ ദിവസം വേടൻ എത്തിയില്ല. ഇതോടെ വേടന്റെ സുഹൃത്തുക്കളായ ഋഷി, ഡാബ്സി, അയൂബ എന്നിവരെ വിളിച്ചിരുന്നുവെന്നും യുവതിയുടെ വെളിപ്പെടുത്തി. വേടനോട് തന്നെ വിളിക്കാൻ ഞാൻ അവരോട് പറഞ്ഞിരുന്നു. പക്ഷെ പിന്നീട് യുവതി ഫോൺ ചെയ്യുമ്പോൾ കൂട്ടുകാർ ഫോൺ എടുത്തില്ല.
ജൂലൈ 15ന് -രാവിലെ യുവതിയുടെ ഫ്ലാറ്റിൽ വേടനെത്തി. വേടന്റെ മൂന്ന് സുഹൃത്തുക്കളും ഫ്ലാറ്റിലുണ്ടായിരുന്നു. വളരെ ദേഷ്യത്തിലെത്തിയ വേടൻ തന്നോട് മോശമായി പെരുമാറിയെന്നും താൻ ടോക്സിക് ആണെന്നും, മറ്റുള്ള പെൺകുട്ടികളുമായി സെക്സ് ചെയ്യാൻ അനുവദിക്കുന്നില്ലെന്നും വേടൻ സുഹൃത്തുക്കളോട് പറഞ്ഞുവെന്നാണ് യുവതി ആരോപിക്കുന്നത്. തുടർന്ന് നമുക്ക് പിരിയാമെന്ന് പറഞ്ഞ് വേടനും സുഹൃത്തുക്കളും ഫ്ലാറ്റ് വിട്ടുപോയി. ഉടൻ തന്നെ ഫോൺ ചെയ്തതോടെ പിന്നീട് സമാധാനമായി സംസാരിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. പിന്നീട് പലവട്ടം അവനെ വിളിച്ചെങ്കിലും വേടൻ ഫോൺ എടുത്തില്ലെന്നും പരാതിയിൽ പറയുന്നു.
വേടൻ ബന്ധം അവസാനിപ്പിച്ച് പോയത് കടുത്ത മാനസിക സംഘർഷത്തിലാക്കിയെന്നും ചികിൽസ തേടേണ്ടി വന്നുവെന്നും യുവതി പറയുന്നു. വേടൻ ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു താനെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന ഭയം കൊണ്ടാണ് താൻ മൊഴി നൽകാൻ വൈകിയതെന്നും യുവതി വിശദീകരിക്കുന്നു. വേടൻ ദുരുപയോഗം ചെയ്തതായി യൂട്യൂബ് ചാനലിലൂടെ ഒരു പെൺകുട്ടി വെളിപ്പെടുത്തിയ പോസ്റ്റ് കാണാനിടയാകുകയും അടുത്തയിടെ തൻറെ ആദ്യ പ്രണയമെന്ന് പറഞ്ഞ് പങ്കുവച്ച വിഡിയോയും കണ്ടതോടെയാണ് തൻറെ ദുരനുഭവം വെളിപ്പെടുത്താൻ തയ്യാറായതെന്ന് പെൺകുട്ടി പറയുന്നു.
തൃശൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ഒരു മാസികയിൽ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് കോട്ടയം സ്വദേശിനി ഇതുസംബന്ധിച്ച് അന്വേഷിക്കാൻ തീരുമാനിച്ചത്. ഇതോടെയാണ് തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിന്റെ അനുഭവങ്ങളാണ് മാസികയിലൂടെ വെളിപ്പെടുത്തിയ യുവതിക്കുമുണ്ടായത് എന്ന് ബോധ്യമായി. സമാന ദുരനുഭവങ്ങൾ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു. പലയിടങ്ങളിൽ നിന്നായി കൂടുതൽ പരാതികൾ പുറത്തു വന്നേക്കാം.
തന്റെ ബന്ധങ്ങളുടെ ബലത്തിൽ ഇതുവരെ പരാതിക്കാരെ പരോക്ഷമായി സമ്മർദ്ദത്തിലാക്കി നിർത്താൻ വേടന് കഴിഞ്ഞു. ഇത് പക്ഷെ പരാതിയായി പുറത്തുവരാൻ തുടങ്ങിയാൽ ഇപ്പോൾ സംരക്ഷിക്കുന്ന സർക്കാരിനും ഇടതുപക്ഷത്തിനും കൈവിടേണ്ടി വരും. തുടർച്ചയായ പീഡനശേഷം വിവാഹ വാഗ്ദാനത്തിൽനിന്ന് വേടൻ പിന്മാറി. വേടന്റെ പിന്മാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നത് എന്നും യുവതി പരാതിയിൽ വ്യക്തമാക്കി. നേരത്തെ, പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചെന്നാരോപിച്ച് വേടനെതിരെ പാലക്കാട് നഗരസഭാ കൗൺസിലർ മിനി കൃഷ്ണകുമാർ എൻ.ഐ.എക്കും ആഭ്യന്തരവകുപ്പിനും പരാതി നൽകിയിരുന്നു. മോദിയെ കപട ദേശീയ വാദിയെന്ന് വേടൻ അവഹേളിച്ചെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്. നാല് വർഷം മുമ്പ് പുറത്തിറങ്ങിയ ‘വേടന്റെ വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടിൽ മോദിയെ അധിക്ഷേപിക്കുന്ന പരാമർശങ്ങളുണ്ടെന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കൽ, വിദ്വേഷം വളർത്തൽ, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ടിത അപകീർത്തിപ്പെടുത്തൽ, അക്രമവും വിദ്വേഷവും വളർത്തുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി. ഇതിനൊപ്പം മയക്കുമരുന്ന് കേസിലും പുലനഖ കേസിലും എല്ലാം വേടൻ കുടുങ്ങിയിരുന്നു.
ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുൻപുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്. തൃക്കാക്കര സ്റ്റേഷൻ പരിധിയിൽവച്ച് ബലാത്സംഗം നടന്നതിനാലാണ് കൊച്ചിയിൽ കേസെടുത്തത്. തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയിൽ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലർച്ചെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്.



