തൃശൂരിൽ വ്യാജ വോട്ടർമാരെ ചേർത്തതിൽ നടന്നത് ക്രിമിനൽ ഗൂഢാലോചന…ടിഎൻ പ്രതാപൻ
2023–24ൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനായി കേരളത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ചുമതല വഹിച്ച സ്വകാര്യ സോഫ്റ്റ്വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബിജെപി കേന്ദ്രനേതൃത്വം തൃശൂർ ലോക്സഭാമണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000 ത്തിലേറെ വ്യാജ വോട്ടുകൾ തിരുകികയറ്റിയെതെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ടി എൻ പ്രതാപൻ.
ഇതേക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം വേണം. കാരണം കരട് വോട്ടർ പട്ടികയിൽ രാഷ്ട്രീയ പ്രതിനിധികളായ ബൂത്ത് ലവൽ ഏജന്റുമാർ(ബിഎൽഎ) പരിശോധന നടത്തിയതാണ്. അന്ന് നീക്കേണ്ടത് നീക്കുകയും ഉൾപ്പെടുത്തേണ്ടത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പുറത്തു വന്നത് അന്തിമ വോട്ടർ പട്ടികയാണ്. അതിൽ ആരും അറിയാത്ത വ്യാജ വോട്ടർമാർ കടന്നുകൂടി. മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നും, തൃശൂർ ജില്ലയിൽ തന്നെ തൃശൂർ ലോക്സഭാ മണ്ഡലത്തിന് പുറത്തുള്ളവരെയും അതിന് പുറമേ അന്യസംസ്ഥാനങ്ങളിൽ നിന്ന് പോലും ഇവിടെ വോട്ടുകൾ ചേർത്തു.



