മുസ്ലിം സമുദായം എക്കാലവും സാമൂഹീക നീതിയുടെ കാവല്ഭടന്മാര്.. വെള്ളാപ്പള്ളി ഈഴവ സമുദായത്തിൻ്റെ അന്തകൻ’..
മുസ്ലിം സമുദായത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ശ്രീനാരായണ സേവാസംഘം രംഗത്ത്. വെള്ളാപ്പള്ളിയുടെ പ്രസ്താവന കടുത്ത ഗുരുനിന്ദയും വര്‍ഗീയ വേര്‍തിരിവ് സൃഷ്ടിക്കുന്നതാണെന്നും ശ്രീനാരായണ സേവാസംഘം ഭാരവാഹികള്‍ പറഞ്ഞു.മകന് കേന്ദ്രത്തില്‍ അധികാരം നേടുന്നതിന് ബിജെപിയെ പ്രീണിപ്പിക്കുവാന്‍ നടത്തുന്ന കുടിലതന്ത്രങ്ങളുടെ ദുരന്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്നത് ഈഴവ സമുദായമാണ്. വെള്ളാപ്പള്ളി നടേശന്റെ വലയില്‍ കുടുങ്ങിയ രാഷ്ട്രീയ നേതാക്കള്‍ വാഴ്ത്തുപാട്ടുകാരായി മാറിയിരിക്കുകയാണ്. സാമൂഹീക നീതിയുടെ കാവല്ഭടന്മാരായി എക്കാലവും നിലകൊണ്ടിട്ടുള്ള പാരമ്പര്യമാണ് മുസ്ലിം സമുദായത്തിനും ലീഗിനുമുള്ളതെന്നും സേവാസംഘം ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.
സവർണ സംവരണ നിയമം പാർലമെൻ്റിൽ അവതരിപ്പിച്ചപ്പോൾ ഇടതു വലതു രാഷ്ട്രീയ കക്ഷികൾ മത്സരിച്ച് ഒത്താശ നൽകിയപ്പോൾ അതിനെ ചെറുക്കാനുണ്ടായിരുന്നത് മുസ്ലിം ലീഗും മുസ്ലിം സമുദായവുമാണ്. ജാതിസെൻസസ് നടപ്പാക്കണമെന്ന ആവശ്യത്തിലും മുസ്ലിം സമുദായം ശക്തമായ നിലപാട് സ്വീകരിച്ചപ്പോൾ നടേശൻ മുടന്തൻ വാദങ്ങൾ ഉന്നയിച്ച് ആർക്കോ വേണ്ടി കുഴലൂത്ത് നടത്തുകയായിരുന്നു. വെള്ളാപ്പള്ളി നടേശൻ്റെ കഴിഞ്ഞ 29 വർഷത്തെ കിരാത വാഴ്ചയിലൂടെ എസ്എൻഡിപി യോഗത്തിനും എസ്എൻ ട്രസ്റ്റിനുമുണ്ടായിട്ടുള്ള അപചയവും അധഃപതനവും വിവരണാതീതമാണെന്നും” ശ്രീ നാരായണ സേവാ സംഘം ആരോപിച്ചു.എസ്എൻ ട്രസ്റ്റിൻ്റെ മൂന്ന് ആശുപത്രികൾ നടേശൻ വിറ്റു തുലച്ചു.മൈക്രോ ഫിനാൻസ് വായ്പാ തട്ടിപ്പുകൾ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് വെള്ളാപ്പള്ളി. വെള്ളാപ്പള്ളി നടേശനെ സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്ന വ്യഗ്രത ദുരൂഹമാണ്. വെള്ളാപ്പള്ളി സമുദായത്തിൻ്റെ അന്തകനാണ്. മന്ത്രിമാരും ജനപ്രതിനിധികളും നടേശൻ്റെ സ്തുതി പാഠകരായി മാറുന്നുവെന്നും സംഘം കുറ്റപ്പെടുത്തി.



