ശശീന്ദ്രന് നല്‍കിയത് പ്രായത്തിന്റെ പരിഗണന മാത്രം…മറുപടി നാവിന്‍ തുമ്പിലുണ്ട്…
വനം മന്ത്രി എ കെ ശശീന്ദ്രനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വഴിക്കടവില്‍ പത്താംക്ലാസുകാരന്‍ പന്നിക്കെണിയില്‍ കുടുങ്ങി മരിച്ചതിന് പിന്നില്‍ പ്രതിപക്ഷ ഗൂഢാലോചനയാണെന്ന് എ കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. എന്നാല്‍ വനം മന്ത്രിയുടെ പ്രായം പരിഗണിച്ചുമാത്രമാണ് ഇക്കാര്യത്തിൽ മറുപടി പറയാത്തതെന്ന് വി ഡി സതീശന്‍ പറഞ്ഞു. മറുപടി നാവിന്‍ തുമ്പിലുണ്ട്. സ്വയം നിയന്ത്രിച്ചതാണെന്നും വി ഡി സതീശന്‍ നിലമ്പൂരില്‍ പറഞ്ഞു.
‘പന്നിക്കെണിയില്‍പെട്ട് വഴിക്കടവില്‍ കുഞ്ഞുമരിച്ചപ്പോള്‍ പ്രതിപക്ഷ ഗൂഢാലോചനയെന്നാണ് വനം മന്ത്രി പറഞ്ഞത്. പ്രായം പരിഗണിച്ച് മാത്രമാണ് അയാളോട് ഒന്നും പറയാതിരുന്നത്. എന്നെ സ്വയം നിയന്ത്രിച്ചു. പറഞ്ഞാല്‍ അത് മാത്രം ബാക്കിയാവും. എന്റെ നാവിന്‍ തുമ്പിലുണ്ട് മറുപടി. പറയുന്നില്ല. പ്രായം ബഹുമാനിച്ച് മാത്രമാണത്. വനം മന്ത്രി പറഞ്ഞ് തീരും മുമ്പ് പാര്‍ട്ടി സെക്രട്ടറിയിറങ്ങി. ഇതുപോലെ വിഡ്ഢിത്തം പറയുന്ന പാര്‍ട്ടി സെക്രട്ടറിയെ ജീവിതത്തില്‍ കണ്ടിട്ടില്ല. വാ തുറന്നാല്‍ അബദ്ധം മാത്രമെ പറയൂ. എ കെ ശശീന്ദ്രനെ മുഖ്യമന്ത്രി ശകാരിച്ചെന്ന് കേട്ടു. പട്ടില്‍പൊതിഞ്ഞ ശകാരമെങ്കിലും മുഖ്യമന്ത്രി എം വി ഗോവിന്ദന് നല്‍കിയോ’, എന്നും വി ഡി സതീശന്‍ ചോദിച്ചു. നിലമ്പൂരില്‍ വന്യജീവി ആക്രമണങ്ങളില്‍ ജീവിക്കുന്ന ഇരകളുടെ സംഗമം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.



