ചിറയിൻകീഴിൽ അഴുകിയ നിലയിൽ മൃതദേഹം… മരിച്ചത് ‘മിന്നൽ ഫൈസൽ’ എന്ന് സംശയം

തിരുവനന്തപുരം: ചിറയിൻകീഴിൽ നാല് ദിവസം പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തി. മുട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള ഒരു വീട്ടുപറമ്പിലാണ് അഴുകിത്തുടങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പരിസരത്ത് ശക്തമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ഉടൻ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ചിറയിൻകീഴ് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയിലാണ് മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് മനസ്സിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ, പ്രദേശവാസിയായ ‘മിന്നൽ ഫൈസൽ’ എന്നയാളുടെ മൃതദേഹമാണോ ഇതെന്ന ശക്തമായ സംശയം പോലീസിനുണ്ട്. ഇയാൾ അടുത്തിടെയാണ് ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജയിലിൽ നിന്നിറങ്ങിയ ശേഷം മിന്നൽ ഫൈസൽ മുട്ടപ്പലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപത്തുള്ള ഒരു വീട്ടിലായിരുന്നു താമസിച്ച് വന്നിരുന്നത്. ഇതേ സ്ഥലത്തിന് തൊട്ടടുത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത് എന്നതും സംശയം വർദ്ധിപ്പിക്കുന്നു.
എന്നാൽ, മൃതദേഹം അഴുകിയ നിലയിലായതിനാൽ മരിച്ചത് ആരാണെന്ന കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇൻക്വസ്റ്റ് നടപടികൾക്കും ശാസ്ത്രീയ പരിശോധനകൾക്കും ശേഷമേ മരണപ്പെട്ടയാളെ തിരിച്ചറിയാനും മരണകാരണം വ്യക്തമാകാനും സാധിക്കൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ ചിറയിൻകീഴ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



