സി.പി.എം മാവേലിക്കര ഏരിയ സമ്മേളനത്തിന് നാളെ തുടക്കം
മാവേലിക്കര- സി.പി.എം മാവേലിക്കര ഏരിയ സമ്മേളനത്തിന് തുടക്കം കുറിച്ച് ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിലെ പൊതുസമ്മേളന നഗറിൽ ചെങ്കൊടി ഉയർന്നു. സ്വാഗതസംഘം ചെയർമാൻ സി.സുധാകരക്കുറുപ്പ് പതാക ഉയർത്തി.
ജില്ലാ കമ്മിറ്റിയംഗം കോശി അലക്സ് ക്യാപ്റ്റനായ പൊതുസമ്മേളന നഗറിലേക്കുള്ള പതാകജാഥ തെക്കേക്കരയിലെ രക്തസാക്ഷി വി.അജിത്തിന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി.ഹരിശങ്കർ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. ജില്ലാ കമ്മിറ്റിയംഗം കെ.മധുസൂദനൻ ക്യാപ്റ്റനായ പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ പാർട്ടിയുടെ താലൂക്ക് കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റിയംഗവുമായിരുന്ന ചെട്ടികുളങ്ങരയിലെ എം.കുട്ടപ്പന്റെ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം എ.മഹേന്ദ്രൻ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര ക്യാപ്റ്റനായ പൊതുസമ്മേളന നഗറിലേക്കുള്ള കൊടിമരജാഥ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാവേലിക്കര താലൂക്ക് കമ്മിറ്റി സെക്രട്ടറിയും കണ്ണമംഗലം സമരനായകനുമായിരുന്ന പി.ആർ ജനാർദ്ദനന്റെയും കെ.സതിയമ്മയുടെയും വസതിയിൽ നിനാരംഭിച്ചു. ഏരിയ സെക്രട്ടറി ജി.അജയകുമാർ ജാഥാ ക്യാപ്റ്റന് കൊടിമരം കൈമാറി. ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് ക്യാപ്റ്റനായ പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖാ റാലി പാർട്ടി ഏരിയ കമ്മിറ്റി അംഗമായിരുന്ന പ്രഭാകരൻനായരുടെ വസതിയിൽ നിന്നാരംഭിച്ചു. സ്വാഗതസംഘം ചെയർമാൻ സി.സുധാകരക്കുറുപ്പ് ജാഥാ ക്യാപ്റ്റന് ദീപശിഖ കൈമാറി. വൈകിട്ടോടെ ജാഥകൾ പൊതുസമ്മേളന നഗറിൽ എത്തിച്ചേർന്നു. സ്വാഗതസംഘം കൺവീനർ ആർ ഹരിദാസൻ നായർ പതാകകളും കൊടിമരവും ദീപശിഖയും ഏറ്റുവാങ്ങി.
നാളെ രാവിലെ ചെട്ടികുളങ്ങര കിഴക്ക് പ്രീതി കൺവൻഷൻ സെന്റിൽ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി ജി.അജയകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. ലോക്കൽ സമ്മേളനങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 120 പ്രതിനിധികളും 21 ഏരിയ കമ്മിറ്റി അംഗങ്ങളും അടക്കം 141 പേർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്ര കമ്മിറ്റി അംഗം സി.എസ് സുജാത, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, കെ.എച്ച് ബാബുജാൻ, കെ.രാഘവൻ, ജി.രാജമ്മ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ.മധുസൂദനൻ, മുരളി തഴക്കര, കോശി അലക്സ്, ലീല അഭിലാഷ് എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ച സമ്മേളനം തുടരും. മറുപടിക്ക് ശേഷം പുതിയ ഏരിയ കമ്മിറ്റിയെയും സെക്രട്ടറിയെയും ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുക്കും. വൈകിട്ട് 4ന് ചെറുകര ആലുംമൂട് ജംഗ്ഷനിൽ നിന്ന് പൊതുപ്രകടനവും ചുവപ്പുസേനാ മാർച്ചും ആരംഭിക്കും. ചെട്ടികുളങ്ങര ക്ഷേത്ര ജംഗ്ഷനിൽ വൈകിട്ട് 5ന് നടക്കുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം സജിചെറിയാൻ ഉദ്ഘാടനം ചെയ്യും.