കംബോഡിയയില്‍ തട്ടിപ്പിന് ഇരയായ ഏഴ് മലയാളികള്‍ തിരിച്ചെത്തി…
കംബോഡിയയില്‍ ജോലി തട്ടിപ്പിനിരയായ ഏഴു മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി. ഒരാൾ ഇപ്പോളും കംബോഡിയയില്‍ തുടരുകയാണ്.ഒരു ലക്ഷം രൂപയുടെ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കംബോഡിയയില്‍ എത്തിച്ചത്. കംബോഡിയയില്‍ എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞത്. മനുഷ്യക്കടത്തില്‍ ഇരകളാക്കപ്പെട്ട ഇവരെ വിദേശകാര്യമന്ത്രാലയം ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. കംബോഡിയയില്‍ ക്രൂരമായ തൊഴില്‍ പീഡനം നേരിടേണ്ടി വന്നതായി യുവാക്കൾ പറഞ്ഞു.
വടകര അടക്കം വിവിധ പ്രദേശങ്ങളിലുള്ള യുവാക്കളാണ് നാട്ടില്‍ മടങ്ങിയെത്തിയത്. ഒക്ടോബര്‍ 3നാണ് എട്ട് യുവാക്കള്‍ തട്ടിപ്പിനിരയായി കംബോഡിയയിലെത്തുന്നത്. ഐടി ജോലി വാഗ്ദാനം ചെയ്താണ് മലയാളി യുവാക്കളെ വിദേശത്തേക്ക് കൊണ്ടുപോയത്. സംഘത്തിന്റെ പിടിയില്‍ നിന്നും സാഹസികമായി രക്ഷപ്പെട്ട ഇവര്‍ ഇന്ത്യന്‍ എംബസിയുടെ അഭയകേന്ദ്രത്തില്‍ താമസിക്കുകയായിരുന്നു. ഒരാള്‍ തട്ടിപ്പ് സംഘത്തിന്റെ പിടിയിലാണ്.



