ഷാരോൺ വധക്കേസ്…ഞെട്ടിച്ച ക്രൂരതയ്ക്ക് 2 വർഷം…വിചാരണ ചൊവ്വാഴ്ച മുതൽ…
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൻെറ വിചാരണ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. ഷാരോണ്‍ കൊല്ലപ്പെട്ട് രണ്ടു വർഷമാകുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. വിചാരണ നടപടികള്‍ വേഗത്തിൽ ആരംഭിച്ചതിൽ സന്തോഷമുണ്ടെന്ന് ഷാരോണിൻെറ കുടുംബം പ്രതികരിച്ചു.
കോളിളക്കം സൃഷ്ടിച്ച കേസിന്റെ വിചാരണയാണ് ആംഭിക്കുന്നത്. സുഹൃത്തായ ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമെന്നാണ് പൊലീസ് കുറ്റപത്രം. മരിച്ച ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചു.
കേസിൽ 142 സാക്ഷികളും 175 രേഖകളും 55 തൊണ്ടിമുതലുകളും ആണ് ഉള്ളത്. അസ്വാഭാവിക മരണത്തിന് പാറശ്ശാല പൊലീസ് ആദ്യം കേസെടുത്തു അന്വേഷിച്ചെങ്കിലും ബന്ധുക്കളുടെ പരാതിയിൽ മേൽ റൂറൽ എസ് പി ജില്ലാ ക്രൈം ബ്രാഞ്ചിലേക്ക് കേസ് കൈമാറി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഡ്വ. വി. എസ് വിനീത് കുമാറിനെ നിയമിച്ചിട്ടുണ്ട്. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജി എ. എം. ബഷീറാണ് കേസ് പരിഗണിക്കുന്നത്.



