ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ചു, അറസ്റ്റ്

ഭിന്നശേഷിക്കാരിയായ പത്തൊൻപതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയാധികൻ അറസ്റ്റിൽ. കോഴിക്കോട് ബാലുശ്ശേരിയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുറുമ്പൊയിൽ സ്വദേശി മണ്ടോത്തുമൂലയിൽ കേളനെ(77) യാണ് ബാലുശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ബഡ്സ് സ്കൂൾ വിദ്യാർത്ഥിയായിരുന്ന പെൺകുട്ടി കഴിഞ്ഞ ദിവസം സ്കൂൾ ബസിൽ നാട്ടിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്ന വഴിയിലാണ് അതിക്രമം നടന്നത്. കേളൻ ബലപ്രയോഗത്തിലൂടെ പെൺകുട്ടിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിലേക്ക് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പിന്നീട് വീട്ടിലെത്തി വിവരം പറഞ്ഞതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇരയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിനെതിരായ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.



