30 വർഷം, മാറിയത് പേരും മേൽവിലാസവും…. മാർത്ത കൊലക്കേസിലെ പ്രതി…

തൃശ്ശൂർ: 1995-ൽ തൃശ്ശൂർ ടൗണിനെ നടുക്കിയ മാർത്ത കൊലക്കേസിൽ 30 വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ. കേസിലെ പ്രതികളിലൊരാളായ ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാറിനെയാണ് കൊല്ലം കുണ്ടറയിൽ നിന്ന് പൊലീസ് പിടികൂടിയത്. പേരും മേൽവിലാസവും മാറ്റി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം കഴിഞ്ഞ 15 വർഷമായി ഇയാൾ ഇവിടെ താമസിച്ചുവരികയായിരുന്നു. 1995-ലാണ് സ്വർണം കവർച്ച ചെയ്യുന്നതിനായി മാർത്തയെ കൊലപ്പെടുത്തിയത്.
സംഭവത്തിൽ ചാലക്കുടി സ്വദേശി പ്രസാദ് (19), കൃഷ്ണകുമാർ (18) എന്നിവരായിരുന്നു പ്രതികൾ. പിടിയിലായ കൃഷ്ണകുമാർ പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്കെതിരെ കോടതി ലോങ് പെൻഡിങ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കേസിന്റെ വിചാരണ ആരംഭിച്ചെങ്കിലും പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. തൃശ്ശൂർ മേഖല ഡിഐജിയുടെ നിർദേശപ്രകാരം തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, തൃശ്ശൂർ എസിപി രാജേഷ് ടി.ആർ., ഈസ്റ്റ് സിഐ നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം ഊർജിതമാക്കിയത്. 2022 മുതൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥർക്കൊപ്പം വെസ്റ്റ് എസ്ഐ ആദർശിന്റെ നേതൃത്വത്തിലുള്ള ഷനോജ്, ഹരീഷ്, ദീപക്, അജ്മൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അന്വേഷണത്തിൽ കൃഷ്ണകുമാർ പേരുമാറ്റി ഉത്തർപ്രദേശിലെ മീററ്റിൽ ഒളിവിൽ കഴിഞ്ഞിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് സംഘം മീററ്റിലെത്തി അന്വേഷണം നടത്തി.
എന്നാൽ, ഏകദേശം 15 വർഷം മുമ്പ് മീററ്റിൽ വെച്ച് കൊല്ലം സ്വദേശിനിയെ വിവാഹം കഴിച്ച് ഇയാൾ നാട്ടിലേക്ക് പോയതായി വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കൊല്ലത്ത് നടത്തിയ അന്വേഷണത്തിലാണ് കുണ്ടറയിൽ വ്യാജ മേൽവിലാസത്തിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം താമസിക്കുന്നതായി കണ്ടെത്തിയത്. വെൽഡിങ് ജോലി ചെയ്ത് ജീവിക്കുകയായിരുന്നു ഇയാൾ. ജോലി സ്ഥലത്തുനിന്നാണ് പൊലീസ് തന്ത്രപരമായി കൃഷ്ണകുമാറിനെ കസ്റ്റഡിയിലെടുത്തത്. 2025 ഒക്ടോബറിലും പൊലീസ് ഇയാളെ തേടി മീററ്റിലെത്തിയിരുന്നെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. പ്രതിയെ കണ്ടെത്തണമെന്ന ഉറച്ച തീരുമാനത്തോടെ വീണ്ടും നടത്തിയ അന്വേഷണമാണ് ഒടുവിൽ കൊല്ലത്തേക്ക് എത്തിയത്. മൂന്ന് പതിറ്റാണ്ടോളം നീണ്ട തിരച്ചിലിനൊടുവിലാണ് മാർത്ത കൊലക്കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത്.



