പന്ത്രണ്ടിൽ പൂജ്യം…. ദയനീയ പരാജയം, ‘തരംഗത്തിൽ പെട്ടുപോയെന്ന്’…… ജോസ് കെ. മാണി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയം സമ്മതിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. പാർട്ടി മത്സരിച്ച പന്ത്രണ്ട് സീറ്റുകളിലും പരാജയപ്പെട്ടത് ഇടതുമുന്നണിയെയും കേരള കോൺഗ്രസിനെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. മാണി സി. കാപ്പനെയും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ വിജയികളെയും ജോസ് കെ. മാണി അഭിനന്ദിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടായതായി തോന്നുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “ഒരു തരംഗം ഉണ്ടാകുമ്പോൾ ഇതൊക്കെ സംഭവിക്കാം. പരാജയത്തെക്കുറിച്ച് പാർട്ടി വിശദമായി പരിശോധിക്കും. കൃത്യമായ ചർച്ചകൾ പാർട്ടിക്കുള്ളിൽ ഉണ്ടാകും,” ജോസ് കെ. മാണി വ്യക്തമാക്കി.
പാർട്ടിയുടെ ഹൃദയഭൂമിയായ പാലായിൽ ജോസ് കെ. മാണി നേരിട്ട പരാജയം രാഷ്ട്രീയ കേരളത്തിന് വലിയ അത്ഭുതമായി. ജോസ് കെ. മാണിക്ക് പുറമെ മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ, ചീഫ് വിപ്പായിരുന്ന എൻ. ജയരാജ് എന്നിവരും പരാജയത്തിന്റെ കയ്പുനീർ കുടിച്ചു. മത്സരിച്ച ഒരിടത്ത് പോലും ലീഡ് നേടാൻ കഴിയാത്തത് പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണ്. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ജോസ് കെ. മാണിയുടെയും സംഘത്തിന്റെയും രാഷ്ട്രീയ ഭാവി ഇനി എന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തിരിച്ചുവരവിനായി പാർട്ടി എന്ത് തന്ത്രമാകും ഇനി പയറ്റുക എന്നത് വരും ദിവസങ്ങളിൽ വ്യക്തമാകും.



