എഴുത്തും നാടകവേദിയും നിശ്ചലമായി; ടി.കെ.ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും നാടകപ്രവർത്തകനുമായ ടി.കെ.ഡി. മുഴപ്പിലങ്ങാട് (80) അന്തരിച്ചു. വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.ഈ മാസം 18-ന് രാത്രി മുഴപ്പിലങ്ങാട് മഠം ഭാഗത്തെ സർവീസ് റോഡിൽനിന്ന് ദേശീയപാത കുറുകെ കടക്കുന്നതിനിടെ വാനിടിച്ചാണ് അദ്ദേഹത്തിന് പരുക്കേറ്റത്. കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എഴുത്തുകാരൻ, നാടകകൃത്ത്, പത്രാധിപർ, പ്രഭാഷകൻ, കലാസംഘാടകൻ എന്നീ നിലകളിൽ സാഹിത്യ-സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു ടി.കെ.ഡി. മുഴപ്പിലങ്ങാട്. നാല്പതോളം പുസ്തകങ്ങളും അൻപതോളം നാടകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.സാഹിത്യ-സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, ഗുരുപൂജ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി.’ഉണ്ണിക്കുട്ടനും കഥകളിയും’ എന്ന പുസ്തകത്തിനും ‘സിദ്ധാർഥൻ ഉറങ്ങുന്നില്ല’ എന്ന നാടകത്തിനും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം ലഭിച്ചിട്ടുണ്ട്.
‘കണ്ണൂർ നോവൽ മാസിക’, ‘ആശയം ബുക്സ്’, ‘തലശേരി ദേശം’, ‘ജനനാദം’, ‘എക്സ്റേ’ തുടങ്ങിയ നിരവധി പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും അദ്ദേഹം പ്രവർത്തിച്ചു.കണ്ണൂർ സർഗവേദി, തലശേരി സാഹിത്യ കൂട്ടായ്മ, മലബാർ നാടൻപാട്ട് സംഘം തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയായും ടി.കെ.ഡി. മുഴപ്പിലങ്ങാട് സജീവമായി പ്രവർത്തിച്ചിരുന്നു.മലയാള സാഹിത്യത്തിനും നാടക-സാംസ്കാരിക രംഗത്തിനും വിലപ്പെട്ട സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വിയോഗം കലാ-സാംസ്കാരിക മേഖലയിൽ വലിയ നഷ്ടമാണ്.



