‘പ്രസവം സ്ത്രീകള്‍ വളരെ എന്‍ജോയ് ചെയ്‍തിരുന്ന പ്രോസസ്’; അഖില്‍ മാരാരുടെ പരാമര്‍ശത്തില്‍ വിമര്‍ശനം

ബിഗ് ബോസ് മുൻതാരവും നിയമസഭാ തിരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർഥിയുമായ അഖിൽ മാരാർ ഒരു അഭിമുഖത്തിനിടെ നടത്തിയ പരാമർശത്തിൽ വ്യാപക വിമർശനം. പ്രസവം എന്നത് ഒരു കാലത്ത് സ്ത്രീകൾ വളരെ ആസ്വദിച്ച് ചെയ്തിരുന്ന കാര്യമാണെന്നാണ് അഖിൽ മാരാർ പറഞ്ഞത്. ആശുപത്രികൾ അതിനെ സങ്കീർണ്ണമാക്കിയെന്നും. ഒരു മാസം മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം ഇക്കഴിഞ്ഞ ദിവസങ്ങളിലാണ് വൈറൽ ആയത്. അതിന് പിന്നാലെ വ്യാപക വിമർശനങ്ങളും ട്രോളുകളുമൊക്കെ അഖിലിൻറെ അഭിപ്രായപ്രകടനത്തിനെതിരെ വരുന്നുണ്ട്.
“ഒരു കാലത്ത് സ്ത്രീകൾ പ്രസവം എന്ന് പറയുന്നത് വളരെ കൂൾ ആയി ചെയ്തിരുന്ന കാര്യമാണ്. പണ്ടൊക്കെ തമാശയായിട്ട് ചിലർ പറയുന്നത് കേൾക്കാം, ആ സ്ത്രീ പ്രസവിച്ചിട്ട് അവിടെ പോയിരുന്ന് രണ്ട് കിലോ അരി ഇടിച്ചിട്ടുണ്ടെന്ന്. അപ്പൊ ഇത്ര നിസ്സാരമായിട്ട് സ്ത്രീകൾ വളരെ എൻജോയ് ചെയ്തിരുന്ന ഒരു പ്രോസസിനെ ഇവിടുത്തെ കുറെ ആശുപത്രികളും വന്ന് മാറ്റിയതാണ്. രക്ഷകർത്താക്കളെ ഇങ്ങനെ പ്രഷർ കയറ്റുകയാണ്. അതോടുകൂടി ആധി കേറി. പ്രഗ്നന്റ് ആയി കഴിഞ്ഞാൽ തനിക്കെന്തോ മാരക രോഗമാണെന്ന് ഒരു പെൺകുട്ടിയുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുകയാണ്. ഇതിനെ ഇങ്ങനെ പേടിപ്പിച്ച് പേടിപ്പിച്ച് അവസാനം സിസേറിയനുമായി ആകെ കോംപ്ലിക്കേറ്റഡ് ആക്കി വെക്കും”, അഭിമുഖത്തിൽ അഖിൽ പറഞ്ഞത് ഇങ്ങനെ.
വൈറൽ വീഡിയോ പല പ്ലാറ്റ്‍ഫോമുകളിലായി വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘വിവരക്കേട് അറ്റ് ദി പീക്ക്’ എന്നാണ് ഒരു വീഡിയോയ്ക്ക് താഴെയുള്ള കമൻറ്. ‘ഒരു കാലത്ത് പ്രസവം മാത്രമല്ല, സ്ത്രീകളും എല്ലാവർക്കും നിസാരവും തമാശയും ആയിരുന്നു, ഇന്നത് കുറച്ച് മാറി വരുന്നു, അത്രേ ഉള്ളൂ. അനുഭവിക്കുന്നവർക്കേ അതിൻ്റെ വേദനയും ബുദ്ധിമുട്ടും അറിയൂ, അന്ന് പ്രസവിച്ച് സ്ത്രീകൾ മരിച്ച് പോയാലും നിസാരമായിരിക്കും, ഇന്ന് അങ്ങനെയൊന്നും നടക്കാതെ ഇരിക്കാനാണ് ആശുപത്രികളിൽ കൊണ്ടുപോകുന്നതൊക്കെ’ എന്നാണ് മറ്റൊരു കമൻറ്. ഉണ്ണി വ്ലോഗ്സ് അടക്കമുള്ള പല വ്ലോഗർമാരും ഈ വിഷയത്തിൽ റിയാക്ഷൻ വീഡിയോകളും ചെയ്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്വൻറി 20 പാർട്ടിയിൽ ചേർന്ന അഖിൽ മാരാർ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർഥി ആയിരുന്നു.




