ഉമ്മ പോയതറിയാതെ മസ്‌നീൻ വീട്ടിലേക്ക്…. വാൽപ്പാറ ദുരന്തത്തിലെ കുഞ്ഞുനോമ്പരമായി പത്തുവയസ്സുകാരി

മലപ്പുറം: വാൽപ്പാറയിലുണ്ടായ നാടിനെ നടുക്കിയ വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പത്തുവയസ്സുകാരി മസ്‌നീൻ ആശുപത്രി വിട്ടു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെ സർജിക്കൽ ഐസിയുവിൽ നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് കുട്ടി പൂർണ്ണ ആരോഗ്യവതിയായി വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ, ഉമ്മയുടെ വിയോഗവാർത്ത മസ്‌നീനെ ഇതുവരെ അറിയിച്ചിട്ടില്ല എന്നത് നോമ്പരമായി തുടരുന്നു.

വയറ്റിലുണ്ടായ ആന്തരിക രക്തസ്രാവത്തെത്തുടർന്നാണ് മസ്‌നീനെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നത്. വിദഗ്ധ ചികിത്സയിലൂടെ കുട്ടി സുഖം പ്രാപിച്ചതായി ഡോക്ടർമാർ അറിയിച്ചു. പിതാവ് അബ്ദുൾ ഹക്കീമിനൊപ്പമാണ് മസ്‌നീൻ പാങ്ങിലെ വീട്ടിലേക്ക് മടങ്ങിയത്. മാതാവ് ഷക്കീലയുടെ മരണം കുട്ടിയെ പെട്ടെന്ന് അറിയിക്കുന്നത് മാനസികാഘാതമുണ്ടാക്കുമെന്നതിനാൽ, ഏതാനും ദിവസത്തെ വിശ്രമത്തിന് ശേഷം മാത്രം വിവരം കൈമാറിയാൽ മതിയെന്നാണ് സൈക്കോളജിസ്റ്റുകളുടെ നിർദ്ദേശം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സർക്കാർ എൽ.പി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും സഞ്ചരിച്ച വാൻ വാൽപ്പാറ ചുരത്തിലെ 13-ാം വളവിൽ നിന്ന് 9-ാം വളവിലേക്ക് മറിഞ്ഞത്. അപകടസ്ഥലത്ത് വെച്ച് തന്നെ മസ്‌നീന്റെ ഉമ്മയും അധ്യാപികയുമായ ഷക്കീല മരിച്ചിരുന്നു. തകർന്നടിഞ്ഞ വാഹനത്തിനുള്ളിൽ നിന്ന് ഒരു ടാക്സി ഡ്രൈവറാണ് മസ്‌നീനെ പുറത്തെടുത്തത്.

പാങ്ങ് ജി.എൽ.പി സ്‌കൂളിലെ പ്രധാനാധ്യാപിക ഉൾപ്പെടെ 10 പേരുടെ ജീവനാണ് ഈ അപകടത്തിൽ പൊലിഞ്ഞത്. പ്രധാനാധ്യാപിക അജിത (54), അധ്യാപകർ റംല (52), സുഹറ (43), ആശ (41), മജീദ് (43), മജീദിന്റെ ഭാര്യ റുഖിയ (39), അധ്യാപിക (മസ്‌നീന്റെ മാതാവ്) ഷക്കീല (47), പാചകത്തൊഴിലാളി സാജിത (45), സുഹറയുടെ മകൻ ഹിഷാം (12) പാങ്ങ് ജി.യു.പി സ്‌കൂളിൽ അഞ്ചാം ക്ലാസ് പരീക്ഷ കഴിഞ്ഞു നിൽക്കുന്ന മസ്‌നീൻ, നാലാം ക്ലാസ് വരെ പഠിച്ചത് തന്റെ ഉമ്മ പഠിപ്പിച്ചിരുന്ന ഇതേ ജി.എൽ.പി സ്‌കൂളിലായിരുന്നു. നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ഈ അപകടത്തിൽ നിന്ന് മസ്‌നീൻ ജീവിതത്തിലേക്ക് മടങ്ങിവരുന്നത് ഒരു ആശ്വാസമാണെങ്കിലും, ഉമ്മയില്ലാത്ത വീട്ടിലേക്കുള്ള അവളുടെ മടക്കം ഉറ്റവർക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ്.

Related Articles

Back to top button