ചിന്നക്കനാലിലെ കാട്ടാന ആക്രമണം: കൊല്ലപ്പെട്ട മാരിയുടെ മക്കളുടെ ഉത്തരവാദിത്തം വനംവകുപ്പ് ഏറ്റെടുക്കും…. മന്ത്രി ഷിബു ബേബി ജോൺ

ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ മക്കൾക്ക് പൂർണ്ണ തുണയുമായി സർക്കാർ. മാരിയുടെ രണ്ട് മക്കളുടെയും പേരിൽ ആദ്യഘട്ടമായി അഞ്ചുലക്ഷം രൂപ വീതം ഫിക്സഡ് ഡെപ്പോസിറ്റായി നൽകുമെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കുട്ടികളുടെ ഭാവി വനംവകുപ്പ് പൂർണ്ണമായി ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്ക് 18 വയസ്സ് തികയുന്നത് വരെയുള്ള മുഴുവൻ വിദ്യാഭ്യാസച്ചെലവും വനംവകുപ്പ് തന്നെ വഹിക്കും. കൂടാതെ, കുടുംബത്തിന്റെ ജീവനാംശത്തിനായി എല്ലാ മാസവും 5000 രൂപ വീതം വനംവകുപ്പ് നൽകും. കുട്ടികളുടെ പഠനകാര്യങ്ങളും മറ്റും കൃത്യമായി നിരീക്ഷിക്കുന്നതിനായി വനംവകുപ്പിൽ നിന്ന് ഒരു ഉദ്യോഗസ്ഥനെ പ്രത്യേക ‘മെന്റർ’ ആയി നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഇതൊരു വലിയ നഷ്ടപരിഹാരമല്ലെങ്കിലും വന്യജീവി ആക്രമണങ്ങളിൽ ഇരയാകുന്നവരുടെ പുനരധിവാസത്തിനായുള്ള ഒരു പുതിയ കാൽവെയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ഈ പുതിയ മോഡൽ അടുത്ത മാസം പൂർണ്ണ പദ്ധതിയായി തയ്യാറാക്കി അനുമതിക്കായി ഡൽഹിക്ക് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് സൂര്യനെല്ലിയിൽ മകനെ സ്കൂളിൽ വിടാൻ പോകുന്നതിനിടെ മാരി കാട്ടാനയുടെ മുന്നിൽപ്പെടുകയും ചവിട്ടി കൊല്ലപ്പെടുകയും ചെയ്തത്. ആക്രമണത്തിൽ ഒപ്പമുണ്ടായിരുന്ന മകനും പരിക്കേറ്റിരുന്നു. പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നതിനാൽ കാട്ടാന നിൽക്കുന്നത് മാരിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല. സൂര്യനെല്ലിയിലെ ജനവാസ മേഖലയിൽ നിലവിൽ രണ്ട് കാട്ടാനകൾ തമ്പടിച്ചിട്ടുണ്ടെന്നും, പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.



