അന്ത്യ യാത്രയിലും മജീദ് മാഷിനൊപ്പം ഭാര്യ റുഖിയ…

ജീവിതത്തിൽ കൈ പിടിച്ചു നടത്തിയ ഭാര്യ റുഖിയയെ അന്ത്യ യാത്രയിലും ചേർത്ത് പിടിച്ചാണ് കുട്ടികളുടെ പ്രിയപ്പെട്ട മജീദ് മാഷ് മടങ്ങുന്നത്. ജന്മനാ കാഴ്ചപരിമിതിയുള്ള മജീദ് മാഷിന്റെയും, നിഴൽ പോലെ ഒപ്പമുണ്ടായിരുന്ന റുഖിയയുടെയും വേർപാട് നാടിനും തീരാ നോവായി. അകക്കണ്ണിൽ മാത്രമായിരുന്നു കാഴ്ചയെങ്കിലും ക്ലാസിലെ കുരുന്നുകൾക്ക് ഏറ്റവും പ്രിയപ്പെട്ടതാരെന്നു ചോദിച്ചാൽ മറുപടി ഒരുപോലെ. മജീദ് മാഷ്. പാട്ടു പാടിയും കഥകൾ പറഞ്ഞും മാഷ് കുട്ടികളിൽ ഒരാളാകും. മക്കളില്ലാത്ത വിഷമം മാഷങ്ങനെ മറക്കും .കലോത്സവം ആയാലും വിനോദ യാത്ര ആയാലും മുൻ കൈ എടുക്കുക മജീദ് മാഷ് തന്നെ. ജീവിതത്തിൽ എന്ന പോലെ യാത്രകളിലും മാഷിന്റെകൈ പിടിച്ചു ഭാര്യ റൂഖിയയും ഒപ്പം ചേർന്നു.

അന്ത്യ യാത്രയെന്നറിയാതെ വാൽപ്പാറയിലേക്കുള്ള യാത്രയിലും ആ പതിവ് തെറ്റിച്ചില്ല. പള്ളിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ഒരുക്കിയ പന്തലിൽ മാഷും റൂഖിയയും അവസാനമായി എത്തി. കാഴ്ച പരിമിതി നേരിടുന്നവരുടെ സംഘടന നേതാവായി അവകാശ പോരാട്ട രംഗത്തും നിലയുറപ്പിച്ച മജീദ് മാഷിനു അന്ത്യഭിവാദ്യം അർപ്പിക്കാൻ സഹ പ്രവർത്തകരും കാലത്തെ എത്തിയിരുന്നു. ജീവിത സ്വപ്നമായിരുന്ന പുതിയ വീട്ടിലേക്ക് താമസം മാറി രണ്ടു മാസമാകുമ്പോളാണ് അപ്രതീക്ഷിതമായി മരണം ഇരുവരെയും തേടിയെത്തിയത്.

Related Articles

Back to top button