ആരുടെ ഫോട്ടോ എടുക്കുന്നതെടാ?… നിലയ്ക്കലിൽ അയ്യപ്പഭക്തരുടെ ഡ്രൈവറെ പൊലീസ്…

പത്തനംതിട്ട: ശബരിമല തീർഥാടകരെ നിലയ്ക്കലിൽ എത്തിച്ച ഡ്രൈവറെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി. പാർക്കിങ് ഏരിയയിലേക്ക് വാഹനം പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തിനിടെയാണ് എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ പ്രശാന്തിന് മർദ്ദനമേറ്റതെന്നാണ് ആരോപണം. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശിയാണെന്ന് പറഞ്ഞപ്പോൾ ‘നിനക്ക് പണി തരും’ എന്ന് പൊലീസുകാരൻ ഭീഷണിപ്പെടുത്തിയെന്നും താൻ മുഖ്യമന്ത്രിയുടെ നാട്ടുകാരനാണെന്ന് പറഞ്ഞതോടെ മർദ്ദിച്ചെന്നുമാണ് പ്രശാന്തിന്റെ ആരോപണം.

‘നീ ആരുടെ ഫോട്ടോ എടുക്കുന്നതെടാ?’ എന്ന് ചോദിച്ചുകൊണ്ട് പൊലീസുകാരൻ പ്രശാന്തിന്റെ അടുത്തേക്ക് എത്തി മർദ്ദിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിലയ്ക്കലിൽ പൊലീസിൽ നിന്ന് മുമ്പും സമാനമായ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മറ്റ് അയ്യപ്പഭക്തരും ആരോപിക്കുന്നു. സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. തീർഥാടനത്തിനെത്തുന്നവരോടും അവരെ എത്തിക്കുന്ന ഡ്രൈവർമാരോടും പൊലീസ് മാന്യമായി പെരുമാറണമെന്നും സംഭവത്തിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.

Related Articles

Back to top button