കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ചതിന് പ്രതികാരം… യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ….

തൃശൂർ: കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് നേതാവിന്റെ വീടിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം. തൃശൂർ കല്ലൂർ പുല്ലുത്തിയിൽ യൂത്ത് കോൺഗ്രസ് തൃക്കൂർ മണ്ഡലം പ്രസിഡന്റ് റിന്റോ പുതുപ്പള്ളിവളപ്പിലിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവത്തിൽ റിന്റോയ്ക്കും സഹോദരൻ റിജോയ്ക്കും അമ്മ മേരീസിനും പരുക്കേറ്റു. ചെവിക്കും കാലിനും പരുക്കേറ്റ റിന്റോയും കണ്ണിന് ഗുരുതരമായി പരുക്കേറ്റ റിജോയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കൈയ്ക്ക് പരുക്കേറ്റ മേരീസ് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. ഓട്ടോറിക്ഷയിലും ബൈക്കിലുമായി എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. വീട്ടിനുള്ളിൽ കയറിയ അക്രമികൾ മേരീസിനെ പുറത്തേക്ക് വലിച്ചിഴച്ചതായി പരാതിയിൽ പറയുന്നു. ഇത് തടയാനെത്തിയ റിജോയെ വാഹനത്തിന്റെ താക്കോലും ഇടിക്കട്ടയും ഉപയോഗിച്ച് കണ്ണിൽ ഇടിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ റിന്റോയെയും അക്രമികൾ റോഡിലിട്ട് മർദിച്ചു. കുടുംബാംഗങ്ങളുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയതോടെ പ്രതികൾ ബൈക്ക് ഉപേക്ഷിച്ച് ഓട്ടോറിക്ഷയിൽ രക്ഷപ്പെട്ടു. ഇതിനിടെ പ്രതികളിലൊരാളായ സമീപവാസിയെ പിന്തുടർന്നെത്തിയ പൊലീസ് പിടികൂടി. പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തുന്നതായി മാസങ്ങൾക്കുമുമ്പ് റിന്റോ പൊലീസിൽ അറിയിച്ചിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പുതുക്കാട് പൊലീസിന്റെ വിശദീകരണം. പ്രദേശത്തെ ലഹരിസംഘങ്ങളെ അടിയന്തരമായി പിടികൂടണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും കൊടകര ബ്ലോക്ക് പഞ്ചായത്ത് അംഗം ജെറോം ജോണും വാർഡ് മെമ്പർ സജിത രാജീവും ആവശ്യപ്പെട്ടു.സംഭവത്തിൽ വീട് കയറി ആക്രമണം, കൊലപാതകശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.



