രാജ്യം നേരിടുന്ന ഏറ്റവും വലിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാതെ ആരെ പിന്തുണയ്ക്കും…. പി വി അന്‍വര്‍

കൊച്ചി: തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി സംസ്ഥാന കോർഡിനേറ്ററായിരുന്ന പി.വി. അൻവർ അറിയിച്ചു. കോൺഗ്രസുമായി സഹകരിക്കുന്ന ഒരു രാഷ്ട്രീയ നീക്കത്തെയും പിന്തുണയ്ക്കാനാവില്ലെന്ന ദേശീയ നേതൃത്വത്തിന്റെ കടുത്ത നിലപാടാണ് ബന്ധം വേർപെടുത്താൻ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനി യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കാനാണ് തീരുമാനമെന്നും അൻവർ എറണാകുളത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളിൽ കോൺഗ്രസിനെ പിന്തുണയ്ക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് അൻവറിന്റെ നിലപാട്. “ബേപ്പൂരിൽ മത്സരിച്ചപ്പോൾ പോലും ദേശീയ നേതൃത്വത്തിന്റെ പിന്തുണ ലഭിച്ചില്ല. കോൺഗ്രസ് നേതാക്കളുമായി വേദി പങ്കിടാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു അവർ. തൃണമൂലിന്റെയും കോൺഗ്രസിന്റെയും കൊടികൾ ഒരേ വേദിയിൽ വന്നാൽ ബംഗാളിലെ രാഷ്ട്രീയത്തെ അത് ബാധിക്കുമെന്ന് അവർ പറഞ്ഞു. എന്നാൽ ഇത്തരമൊരു രാഷ്ട്രീയവുമായി കേരളത്തിൽ പ്രവർത്തിക്കാൻ കഴിയില്ല,” അൻവർ വിശദീകരിച്ചു.

എറണാകുളത്ത് ചേർന്ന ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ദേശീയ നേതൃത്വവുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ദേശീയ രാഷ്ട്രീയത്തിലെ സവിശേഷ സാഹചര്യങ്ങൾ പരിഗണിച്ച് തൃണമൂൽ കോൺഗ്രസ് എന്ന പേരിൽ ഇനി കേരളത്തിൽ പ്രവർത്തിക്കേണ്ടതില്ലെന്ന പ്രമേയം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. ദേശീയ തലത്തിൽ കോൺഗ്രസിനും ബിജെപിക്കും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കുമെതിരെ തൃണമൂൽ സ്വീകരിക്കുന്ന നിലപാട് കേരളത്തിൽ പ്രായോഗികമല്ലെന്ന് അൻവർ ചൂണ്ടിക്കാട്ടി. വരും ദിവസങ്ങളിൽ യുഡിഎഫ് നേതൃത്വവുമായി ചർച്ചകൾ നടത്തി മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാനാണ് കേരള ഘടകത്തിലെ ഭൂരിഭാഗം പേരുടെയും തീരുമാനം.

Related Articles

Back to top button