“കുട്ടികളുടെ കയ്യിൽ കൊടുത്താൽ എന്തായിരുന്നു പ്രശ്നം?”….. കട്ടേല സ്കൂളിലെ മിഠായി വിതരണത്തിൽ വി. മുരളീധരനെതിരെ വി. ശിവൻകുട്ടി

തിരുവനന്തപുരം: കട്ടേല ട്രൈബല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ പ്രവേശനോത്സവത്തിനിടെ വി. മുരളീധരന് എം.എല്‍.എ മിഠായി വിതരണം ചെയ്ത രീതിക്കെതിരെ മുൻമന്ത്രി വി. ശിവൻകുട്ടി രംഗത്ത്. കുട്ടികളുടെ കൈകളിൽ മിഠായി നൽകാതെ, കവറിൽ നിന്നും മേശപ്പുറത്തേക്ക് ഇട്ടു കൊടുക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ എം.എൽ.എക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വി. ശിവൻകുട്ടിയുടെ പ്രതികരണം. കുട്ടികള്‍ക്ക് മിഠായി കൈയില്‍ കൊടുക്കാമായിരുന്നുവെന്നും ഈ വിഷയത്തിൽ വി. മുരളീധരൻ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്കൂൾ പ്രവേശനോത്സവത്തിനിടയിലെ മിഠായി വിതരണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. മന്ത്രി എ. തുളസിയും പങ്കെടുത്ത ചടങ്ങിലായിരുന്നു സംഭവം. മിഠായി ആ കുഞ്ഞുങ്ങളുടെ കൈകളിൽ മാന്യമായി കൊടുക്കാമായിരുന്നു എന്നും, ഇതാണോ ജനപ്രതിനിധിയുടെ രീതി എന്നും ചോദിച്ച് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ വിമർശനങ്ങളുമായി രംഗത്തെത്തുന്നത്.



