‘സന്നിധാനത്ത് എത്തിയത് വാങ്ങിയ നെയ്യല്ല’… മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: ശബരിമലയിലെ വ്യാജ പർച്ചേസ് വിവാദത്തിൽ പ്രതികരിച്ച് ദേവസ്വം മന്ത്രി കെ. മുരളീധരൻ. സന്നിധാനത്ത് എത്തിയത് വാങ്ങിയ നെയ്യല്ലെന്നും, പമ്പയിൽ വെച്ച് നെയ്യിൽ തിരിമറി നടന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നെയ്യിൽ ചേർത്തിട്ടുള്ള വസ്തുക്കൾ എന്തൊക്കെയാണെന്ന് പരിശോധിക്കുമെന്നും ശബരിമലയിലേക്ക് കൊണ്ടുപോകേണ്ടത് പരിശുദ്ധമായ നെയ്യാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേവസ്വം അക്കൗണ്ട്സ് വിഭാഗം മേധാവിക്കെതിരായ ക്രമക്കേട് ആരോപണത്തിൽ അന്വേഷണം ശക്തമാക്കുമെന്നും മന്ത്രി അറിയിച്ചു. ദേവസ്വം വിജിലൻസ് എസ്‌പിയെ വിളിച്ചുവരുത്തി എല്ലാ ഫയലുകളും സുരക്ഷിതമായി സൂക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും, തെളിവുകൾ നഷ്ടപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഈ നടപടി പൂർത്തിയാക്കിയ ശേഷം കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് കൈമാറുമെന്നും മന്ത്രി അറിയിച്ചു. അന്വേഷണം പൂർണമായും സുതാര്യമായി നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരായ സൈബർ ആക്രമണങ്ങളെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. “ആര് മൈൻഡ് ചെയ്യുന്നു. കഴിച്ച ഭക്ഷണത്തിന്റെ കണക്ക് പറയുന്നത് ശരിയല്ല. പ്രളയം ഉണ്ടായപ്പോൾ പിണറായി വിജയൻ ഉപവാസം ഇരുന്നില്ലല്ലോ. ചീപ്പ് കളിയാണ് ചില നേതാക്കൾ ചെയ്യുന്നത്. സുഹൃത്തിന്റെ വീട്ടിൽ ഭക്ഷണം കഴിച്ചതിൽ എന്താണ് തെറ്റ്?” എന്നും അദ്ദേഹം ചോദിച്ചു. സർക്കാർ നിർദേശങ്ങൾ അവഗണിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും, തദ്ദേശ വകുപ്പിൽ സ്വീകരിച്ച നടപടി അതിന് ഉദാഹരണമാണെന്നും മന്ത്രി വ്യക്തമാക്കി.



