ശാസ്ത്രത്തിന്റെയും കലയുടെയും സുന്ദര സമന്വയം; സൂര്യ കൃഷ്ണമൂർത്തിയുടെ സംസ്കാരം നാളെ

കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയില്‍ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭയായിരുന്നു സൂര്യ കൃഷ്ണമൂര്‍ത്തിയെന്ന് മുഖ്യമന്ത്രി വിഡി സതീശന്. ‘സൂര്യ’ സാംസ്കാരിക കൂട്ടായ്മയുടെ അമരക്കാരന്. ശാസ്ത്രത്തിന്റെയും കലയുടെയും അപൂര്‍വ്വവും സുന്ദരവുമായ ഒരു സമന്വയമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. .
ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തില്‍ ശാസ്ത്രജ്ഞനായി രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ച ശേഷമാണ് സര്‍ഗ്ഗാത്മകതയുടെ വിശാലമായ ആകാശത്തേക്ക് അദ്ദേഹം ചിറകുവിരിച്ചത്. ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിനൊപ്പം ശാസ്ത്രലോകത്ത് കൈകോര്‍ത്ത അതേ കൃത്യതയും കാഴ്ചപ്പാടും തന്നെയത്രെ അദ്ദേഹം പിന്നീട് കേരളത്തിന്റെ കലാ-സാംസ്കാരിക മണ്ഡലത്തിലും പുലര്‍ത്തിയത്.
1977-ല്‍ അദ്ദേഹം തിരുവനന്തപുരത്ത് വിത്തുപാകിയ ‘സൂര്യ ഫെസ്റ്റിവല്‍’ ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിലൊന്നായി മുപ്പതിലധികം രാജ്യങ്ങളിലേക്ക് പടര്‍ന്നുപന്തലിച്ച് ഭാരതീയ കലകളുടെ വസന്തമായി മാറി. ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സാംസ്കാരിക മേളയെന്ന നിലയില്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ച ‘സൂര്യ’ കേരളത്തിന് ലോക സാംസ്കാരിക ഭൂപടത്തില്‍ നല്കിയ ഇടം ചെറുതല്ല.
മലയാള നാടകവേദിയില്‍ സാങ്കേതികതയുടെയും ഭാവുകത്വത്തിന്റെയും പുതിയ തരംഗങ്ങള്‍ സൃഷ്ടിച്ച വിപ്ലവകാരിയായിരുന്നു അദ്ദേഹം. ശബ്ദവും വെളിച്ചവും വരികളും മനോഹരമായി സമന്വയിപ്പിച്ച് അദ്ദേഹം ഒരുക്കിയ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളും രംഗാവതരണങ്ങളും ഇന്ത്യന്‍ നാടകചരിത്രത്തിലെ തന്നെ പുതിയ അധ്യായങ്ങളായിരുന്നു.
കലയെ ജനകീയമാക്കുന്നതിലും പരമ്പരാഗത കലാകാരന്മാര്ക്ക് അന്താരാഷ്ട്ര വേദികള്‍ ഒരുക്കുന്നതിലും അദ്ദേഹം കാണിച്ച പ്രതിബദ്ധത വരുംതലമുറകള്‍ക്ക് മാതൃകയാണ്. പകരക്കാരില്ലാത്ത ആ സാംസ്കാരിക ശില്പിയുടെ വേര്‍പാട് കേരളത്തിന്റെ കലാ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.




